കുടുംബശ്രീ ജെൻഡർ ക്യാമ്പെയിൻ 'ഉയരെ' ജനുവരി ഒന്ന് മുതൽ
തിരുവനന്തപുരം: തൊഴിൽ മേഖലകളിൽ സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജെൻഡർ ക്യാമ്പെയിൻ 'ഉയരെ' ജനുവരി ഒന്നിന് ആരംഭിക്കും. 'ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം' എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 15 വരെ നീണ്ടുനിൽക്കുന്ന ബൃഹത്തായ ക്യാമ്പെയിനാണ് ലക്ഷ്യമിടുന്നത്. അയൽക്കൂട്ടം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയിലൂടെ സുസ്ഥിരമായ തൊഴിലും വരുമാനവും നേടുന്നത് സ്ത്രീകളുടെ സാമ്പത്തിക,സാമൂഹിക മുന്നേറ്റത്തിന് സഹായിക്കുമെന്ന് ബോദ്ധ്യപ്പെടുത്തും. തുടർന്ന് വിവിധ തൊഴിൽ മേഖലകളുമായി അവരെ ബന്ധിപ്പിക്കും. ഇതിനായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികൾ, സർക്കാർ വകുപ്പുകൾ, ഇതര സ്ഥാപനങ്ങൾ എന്നിവയുടെ സംയോജനം ഉറപ്പുവരുത്തും. 'അറിവിന്റെ അഞ്ച് ആഴ്ചകൾ' എന്ന് വിശേഷിപ്പിക്കുന്ന ക്യാമ്പെയിനിൽ അഞ്ച് വ്യത്യസ്ത മൊഡ്യൂളുകളിലായി അയൽക്കൂട്ടങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കും
പരിശീലനം പൂർത്തിയായി ക്യാമ്പെയിന്റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത അഞ്ച് പേർ വീതം സംസ്ഥാനത്തെ എഴുപത് റിസോഴ്സ് പേഴ്സൺമാർക്കുള്ള ദ്വിദിന പരിശീലനം പൂർത്തിയായി. ഇവരുടെ നേതൃത്വത്തിൽ ജില്ലാതല പരിശീലനങ്ങൾ നടന്നുവരികയാണ്. ജില്ലാതലത്തിൽ പരിശീലനം നേടിയവരാണ് സി.ഡി.എസ് തലത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. സംസ്ഥാനമൊട്ടാകെ മൂന്ന് ലക്ഷത്തോളം പേർ ക്യാമ്പെയിൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. 31നകം പരിശീലനം പൂർത്തിയാക്കുന്ന ഇവർ അയൽക്കൂട്ടങ്ങളിൽ ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകും.