വിലയിൽ പൊള്ളി പച്ചക്കറി

Tuesday 23 December 2025 12:48 AM IST
പച്ചക്കറി

താളംതെറ്റി കുടുംബ ബഡ്ജറ്റ്

കോഴിക്കോട്: തമിഴ്നാട്ടിലെയും കർണാടകയിലെയും കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഇറക്കുമതി കുറഞ്ഞതോടെ പച്ചക്കറികൾക്ക് തീ വില. ശബരിമല സീസണായതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. അതേസമയം പഴവർഗങ്ങൾക്ക് വില കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന റോബസ്റ്റിന് ഇപ്പോൾ 25 രൂപയായി. നേന്ത്രക്കായ വില 40 രൂപയായി കുറഞ്ഞു. മുമ്പ് കിലോയ്ക്ക് 60- 65 രൂപ വരെ എത്തിരുന്നു. പച്ചക്കറി വില വർദ്ധന സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുകയാണ്. ശബരിമല സീസണായതിനാൽ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ പച്ചക്കറിയുടെ ആവശ്യം വർദ്ധിച്ചതും വിലവർദ്ധനവിന് ഇടയാക്കിയിട്ടുണ്ട്. ഡിമാന്റ് കൂടിയതിനനുസരിച്ച് പച്ചക്കറിയെത്തുന്നില്ല. മുൻവർഷങ്ങളിലും ഇതേസമയത്ത് വിലക്കയറ്റമുണ്ടായെന്ന് വ്യാപാരികൾ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികൾ കൊണ്ടുവരുന്ന വാഹനങ്ങൾ കൂടിയ വാടക ഈടാക്കുന്നുമുണ്ട്. അടുത്തിടെയായി 5,000 രൂപയോളമാണ് വർദ്ധിച്ചത്. തമിഴ്നാട്ടിലെയും കർണാടകയിലെയും കാലാവസ്ഥ വ്യതിയാനം ശരിയാകുന്നതു വരെ വില വർദ്ധന തുടരും. ഇനിയും വർദ്ധിക്കാനുള്ള സാദ്ധ്യതയും വ്യാപാരികൾ തള്ളിക്കളയുന്നില്ല.

പാളയം മാർക്കറ്റിലെ മൊത്ത - ചില്ലറ വില

കാരറ്റ് .....45.....53

പയർ.....35.......42

കോവക്ക.....70.....78

നെല്ലിക്ക.....55.....60

വഴുതന..... 20.....28

കൊത്തമര.....35.....43

എളവൻ.....22.....30

മത്തൻ.....11.....19

കൂർക്ക.....43.....53

ചെറിയ ഉള്ളി.....52.....60

ബീറ്റ് റൂട്ട് (ഊട്ടി).....47.....54

വെണ്ട.....45.....52

ബീൻസ്.....38.....46

ഫ്ളവർ.....32.....40

പടവലം.....28.....34