വെള്ള,നീല റേഷൻ കാർഡുടമകൾക്ക് സ്‌പെഷ്യൽ അരി

Tuesday 23 December 2025 11:51 PM IST

തിരുവനന്തപുരം: വെള്ള,നീല റേഷൻ കാർഡുടമകൾക്ക് ജനുവരി മുതൽ സ്‌പെഷ്യൽ അരി ലഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ. കൂടാതെ രണ്ട് കിലോ വീതം ആട്ട 17 രൂപ നിരക്കിൽ വിതരണം ചെയ്യും. സംസ്ഥാന സർക്കാർ ഇടപെടലിനെ തുടർന്ന് 6459 മെട്രിക് ടൺ ഗോതമ്പ് കേന്ദ്രം അനുവദിച്ചതിനാലാണ് ഇത് സാദ്ധ്യമായതെന്നും മന്ത്രി വ്യക്തമാക്കി. സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി. ഒരാൾക്ക് രണ്ട് ലിറ്റർ വരെ ഈ നിരക്കിൽ ലഭിക്കും. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയാക്കി. കൂടാതെ,സബ്സിഡി ഇനങ്ങളായ ഉഴുന്ന്,കടല,വൻപയർ,തുവരപ്പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ വീണ്ടും കുറച്ചതായും മന്ത്രി അറിയിച്ചു.

ജനുവരി മാസത്തെ സബ്സിഡി സാധനങ്ങൾ സപ്ലൈകോ വില്പനശാലകളിൽ നിന്നും മുൻകൂട്ടി വാങ്ങാനാകും.സപ്ലൈകോ അത്യാധുനികരീതിയിൽ ഒരുക്കുന്ന ഷോപ്പിംഗ് മാളായ സിഗ്‌നേച്ചർ മാർട്ട് തലശ്ശേരി,എറണാകുളം,കോട്ടയം എന്നിവിടങ്ങളിൽ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മുൻഗണനാ കാർഡുകൾക്കായി അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.

സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് തയാറാക്കിയ മുൻ മാനേജിംഗ് ഡയറക്ടർമാരുടെ അനുഭവക്കുറിപ്പുകൾ അടങ്ങിയ സുവനീർ മന്ത്രി പ്രകാശനം ചെയ്തു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായി. സപ്ലൈകോ എം.ഡി ജയകൃഷ്ണൻ.വി.എം,വാർഡ് കൗൺസിലർ എസ്.കെ.പി.രമേഷ്,പൊതുവിതരണ കമ്മീഷണർ ഹിമ.കെ, സപ്ലൈക്കോ അഡിഷണൽ ജനറൽ മാനേജർ എം.ആർ.ദീപു,മേഖലാ മാനേജർ സ്മിത തുടങ്ങിയവർ പങ്കെടുത്തു.