തിരക്കേറിയിട്ടും സുഖദർശനം

Tuesday 23 December 2025 12:10 AM IST

ശബരിമല : അവധിദിനത്തിന്റെ പിറ്റേന്ന് ശബരിമലയിൽ ഭക്തജനപ്രവാഹം. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിവരെ 66,952 പേരാണു ദർശനം നടത്തിയത്. താരതമ്യേന തിരക്കു കുറഞ്ഞ ദിവസമായിരുന്ന ഞായറാഴ്ച 61,576 ഭക്തരാണു ദർശനത്തിനെത്തിയത്.

മുൻ സീസണുകളിൽനിന്നു ഭിന്നമായി ഇക്കുറി വാരാന്ത്യദിനത്തിൽ തിരക്കിന് അൽപം ശമനമുണ്ടാകുന്നുണ്ട്. മണ്ഡല മഹോത്സവകാലത്തെ അവസാനത്തെ ഞായറാഴ്ചയിലും ഈ ട്രെൻഡാണ് തുടർന്നത്.

ഞായറാഴ്ച രാത്രിയിൽ തിരക്കിന് നല്ല ശമനമുണ്ടായിരുന്നു. വൈകിട്ട് ഏഴു മണി മുതൽ നട അടയ്ക്കുന്നതുവരെ 7368 പേർ ദർശനം നടത്തിയതായാണ് കണക്ക്. മണിക്കൂറിൽ ശരാശരി 1800ൽ അധികം ഭക്തരാണ് സന്നിധാനത്ത് എത്തിയത്.

എന്നാൽ തിങ്കളാഴ്ച പുലർച്ചെ നട തുറന്നപ്പോൾ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറിൽ ശരാശരി മൂവായിരത്തി അഞ്ഞൂറിലേറെപ്പേരാണ് മല ചവിട്ടിയത്. എങ്കിലും എല്ലാവർക്കും സുഖദർശനം ഉറപ്പാക്കാനായി.