പ്രഥമ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനം കൊച്ചിയിൽ
ജനുവരി 6 മുതൽ ബോൾഗാട്ടി പാലസിൽ
കൊച്ചി: സംസ്ഥാനത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന പ്രഥമ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനം കൊച്ചിയിൽ നടക്കും. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് മുസിരിസ് ഹെറിറ്റേജ് പ്രോജക്‌ട് സംഘടിപ്പിക്കുന്ന സമ്മേളനം ജനുവരി 6 മുതൽ 8 വരെ എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കും.
പുരാതന സുഗന്ധവ്യഞ്ജന വിനിമയ പാതകളെ സമകാലിക ആഗോള ചർച്ചകളുമായി ബന്ധിപ്പിക്കുന്ന ബൗദ്ധിക, സാംസ്‌കാരിക വേദിയായാണ് അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനത്തെ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തെ സ്‌പൈസസ് ലക്ഷ്യസ്ഥാനം എന്നതിലുപരി ലോക പൈതൃകത്തിന്റെയും സമുദ്രനാഗരികതയുടെയും സംഗമസ്ഥാനമായി സ്ഥാപിക്കുകയാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
22 രാജ്യങ്ങളിൽ നിന്നുള്ള 38 പ്രതിനിധികൾ പങ്കെടുക്കും.
കേരളത്തിന്റെ പൈതൃക ടൂറിസം മേഖലയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനം പുതിയ ഘട്ടമാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഹെറിറ്റേജ് ടൂറിസം 600 ബില്യൺ യു.എസ് ഡോളറിന്റെ ആഗോളവിപണിയെ പ്രതിനിധീകരിക്കുന്ന മേഖലയാണ്. സ്‌പൈസ് റൂട്ട്‌സ് കേരളത്തിന് ശക്തവും ആധികാരികവുമായ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പൈതൃക പാതയിലൂടെ യാത്ര, കൊച്ചി മുസിരിസ് ബിനാലെ സന്ദർശനം, കേരള ജൂത ഗാനങ്ങളുടെ ആലാപനം, ചവിട്ടുനാടകത്തിന്റെ അവതരണം എന്നിവയും സംഘടിപ്പിക്കും. സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.