ടിക്കറ്റ് നിരക്ക് 125 രൂപ മുതല്‍, ഡിസംബറില്‍ തിരുവനന്തപുരത്ത് ഇന്ത്യയുടെ മൂന്ന് ക്രിക്കറ്റ് മത്സരങ്ങള്‍

Monday 22 December 2025 10:30 PM IST

തിരുവനന്തപുരം: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന വനിതകളുടെ ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഡിസംബര്‍ 26, 28, 30 തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക. 125 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. വനിതകള്‍ / വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഹോസ്പിറ്റാലിറ്റി ബോക്‌സില്‍ 3000 രൂപയാണ് ടിക്കറ്റ് നിരക്ക്.

ലോകകപ്പ് വിജയിച്ചതിന് ശേഷം ഇന്ത്യന്‍ വനിതാ ടീം കളിക്കുന്ന ആദ്യത്തെ പരമ്പരയാണ് ശ്രീലങ്കയ്ക്ക് എതിരെ നടക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്തും ബാക്കിയുള്ള മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരത്തും എന്ന രീതിയിലാണ് നേരത്തെ തന്നെ മത്സരക്രമം തീരുമാനിച്ചിരുന്നത്. എല്ലാ മത്സരങ്ങളും രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുന്നത്. അവധിക്കാലമായതിനാല്‍ തന്നെ വലിയ എണ്ണത്തില്‍ കാണികള്‍ എത്തുമെന്നാണ് കരുതുന്നത്.

അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഞായറാഴ്ച ഇന്ത്യ വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടിയപ്പോള്‍ 14.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം വിജയിക്കുകയായിരുന്നു. പരമ്പരയില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളായ സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗ്‌സ്, ദീപ്തി ശര്‍മ്മ, റിച്ച ഘോഷ്, ഷഫാലി വര്‍മ്മ തുടങ്ങിയ പ്രമുഖരെല്ലാം ഉള്‍പ്പെടുന്നുണ്ട്.