പാട്ടക്കുടിശികയ്ക്ക് പരിഹാരം; സർക്കാർ ഭൂമിപ്പാട്ടം 12 വർഷം മാത്രം
# 99 വർഷം ഇനിയില്ല
# പാട്ടത്തുക കുറയ്ക്കും #കരടിന് രൂപമായി #പാട്ടം കൊടുത്തതിനും ബാധകം #നിലവിലെ കുടിശിക 1000 കോടി # രാജകാലം മുതലുള്ള വൻകിട എസ്റ്റേറ്റുകൾക്ക് ബാധകമല്ല
തിരുവനന്തപുരം: സർക്കാർ ഭൂമി 99 വർഷത്തേക്കുവരെ പാട്ടത്തിനു കൊടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാൻ നീക്കം. പാട്ടക്കാലാവധി പരമാവധി പന്ത്രണ്ടുവർഷമായി ചുരുക്കാനുള്ള കരടിന് സംസ്ഥാന സർക്കാർ രൂപം നൽകി. ഇതു നിയമമായാൽ, പാട്ടം കൊടുത്തുകഴിഞ്ഞ ഭൂമിക്കും ബാധകമാവും. അതേസമയം, രാജഭരണകാലം മുതൽ പാട്ടത്തിനു കൊടുത്ത വൻകിട തോട്ടങ്ങൾക്ക് ബാധകമല്ല.
ഗ്രാമപ്രദേശങ്ങളിൽ 1964 ലെ ഭൂപതിവ് ചട്ടപ്രകാരവും നഗരസഭ, കോർപ്പറേഷൻ മേഖലയിൽ1995-ലെ ചട്ട പ്രകാരവും സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിക്കാണ് പുതിയ നയം ബാധകമാവുന്നത്.
കേരളത്തിൽ ആയിരം കോടി രൂപയിലേറെ പാട്ടക്കുടിശിക പിരിഞ്ഞുകിട്ടാനുണ്ടെന്നാണ് കംപ്ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയിരുന്നത്. സർക്കാർ പലപ്പോഴും കുടിശികയിൽ ഇളവു നൽകിയാണ് കുറച്ചെങ്കിലും തുക പിരിച്ചെടുക്കുന്നത്. പാട്ടത്തുകയിൽ കുറവു വരുത്തുകയും ചെയ്യും. പാട്ട ഭൂമിയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ വിപണിവിലയുടെ 0.5 ശതമാനം മുതൽ 5 ശതമാനം വരെ ഈടാക്കുന്നതാണ് നിലവിലെ സംവിധാനം. ഉയർന്ന വിപണിവില കണക്കാക്കി പാട്ടത്തുക നിശ്ചയിക്കുന്നതു മൂലമാണ് കുടിശിക പെരുകുന്നതെന്ന് സർക്കാർ വിലയിരുത്തുന്നു. പാട്ട കക്ഷിയെ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ എന്നും വരുമാനം ഉള്ളവ , വരുമാനം ഇല്ലാത്തവ എന്നും രണ്ടായി തിരക്കും. പാട്ടത്തുക നിശ്ചയിക്കുന്നതിൽ ഇതും ഒരു മാനദണ്ഡമാകുമെന്നാണ് സൂചന.
ഭൂനികുതിയുടെ
50 മടങ്ങ്
1961-ലെ കേരള ലാൻഡ് ടാക്സ് നിയമപ്രകാരം അടിസ്ഥാന പാട്ട നിരക്ക് (ബി.എൽ.ആർ ) നിലവിലെ ഭൂനികുതിയുടെ 50 മടങ്ങാണ്. എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ഇതേ നിരക്കാണ് നിലവിൽ ബാധകമായിട്ടുള്ളത്.എന്നാൽ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനുകളിലും ഇപ്പോൾ ഭൂനികുതി വ്യത്യസ്തമായതിനാൽ അതിനനുസരണമായി പാട്ട നിരക്കും വ്യത്യാസപ്പെടും.
കുടിശിക വരാതെ
പിരിച്ചെടുക്കാം
#ഡിജിറ്റൽ പേമെന്റ് സംവിധാനമുള്ളതിനാൽ പാട്ടത്തുക സുരക്ഷിതമായും സമയബന്ധിതമായും പിരിച്ചെടുക്കാം.
പാട്ടക്കാലാവധി പുതുക്കലും കുടിശികയും സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൃത്യമായി വിലയിരുത്താം. എല്ലാ സർക്കാർ ഭൂമിയുടെയും കണക്കുകൾ റെലിസ് പോർട്ടലിൽ ലഭ്യമായതിനാൽ ഇലക്ട്രോണിക് ലീസ് രജിസ്റ്റർ സാദ്ധ്യമാവും.
# മിനിമം പാട്ട കാലാവധി ഒരു ദിവസവും പരമാവധി 12 വർഷവുമാണ്. സ്വകാര്യ സ്ഥാപനങ്ങൾക്കും മറ്റും പരമാവധി അഞ്ചുവർഷത്തെ പാട്ടം അനുവദിക്കുകയും അഞ്ചുതവണവരെ നീട്ടിക്കൊടുക്കുകയും ചെയ്യും.
#മൂന്ന് മാസമാണ് കാലാവധിയെങ്കിൽ വാർഷിക പാട്ടത്തുകയുടെ നാലിലൊന്ന് തുക ആദ്യം ഒടുക്കണം. ഒരു വർഷം വരെയുള്ള കേസുകളിൽ ഒരു വർഷത്തെ മുഴുവൻ തുകയും അടയ്ക്കണം.
# സർക്കാർ വകുപ്പുകൾ, അർദ്ധസർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ എന്നിവർക്കാണ് പാട്ടത്തിന് നൽകുക.
``എല്ലാ ഭൂമിക്കും ഒരേ നിരക്കിലുള്ള പാട്ടതുകയാണ് ഇപ്പോഴുള്ളത്. തരംതരിവനുസരിച്ച് തുക നിശ്ചയിക്കാനും പാട്ട കുടിശിക കുന്നുകൂടുന്നത് ഒഴിവാക്കാനുമുള്ള ഭേദഗതികളാണ് കൊണ്ടുവരുന്നത്.``
-കെ.രാജൻ,
റവന്യൂ മന്ത്രി