യു.ഡി.എഫിൽ മുന്നൊരുക്കം; സഖ്യവാതിൽ തുറന്നു
തിരുവനന്തപുരം: നിയമസഭയിലേക്ക് നടത്തേണ്ടത് നിലനില്പിന്റെ പോരാട്ടമാണെന്ന് കണ്ടറിഞ്ഞ് യു.ഡി.എഫ് ഇന്നലെ മുന്നണി വിപുലീകരണത്തിന് തുടക്കമിട്ടു. പി.വി അൻവർ നയിക്കുന്ന തൃണമൂൽ കോൺഗ്രസും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും യു.ഡി.എഫ് ക്യാമ്പിലെത്തി. അൻവറിന് നിലമ്പൂരിൽ ചില്ലറ സ്വാധീനമുണ്ടെങ്കിലും തൃണമൂൽ പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതാണ്. സി.കെ.ജാനുവിന്റെ കാര്യവും മറിച്ചല്ല. എങ്കിലും മുന്നണി സംവിധാനത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ കരുത്തേറും.
വിഷ്ണുപുരം ചന്ദ്രശേഖരൻ പ്രസിഡന്റായ കേരള കാമരാജ് കോൺഗ്രസിനും പരിമിതിയുണ്ട്. മുന്നണിയിലെത്തിയെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ചന്ദ്രശേഖരൻ അതു തള്ളിയത് വലിയൊരു പ്രശ്നമായി യു.ഡി.എഫ് കാണുന്നില്ല.
കേരള കോൺഗ്രസ് എമ്മിന്റെ കാര്യത്തിൽ അങ്ങോട്ടു പോയി ചർച്ചയില്ലെന്ന നിലപാട് എടുത്തെങ്കിലും വാതിൽ മലർക്കെ തുറന്നിട്ടിട്ടുണ്ട്. ഇടതു സഹയാത്രികരായ മറ്റു ചില കക്ഷികളും യു.ഡി.എഫ് നേതാക്കളുമായി അനൗദ്യോഗിക സംസാരം നടത്തിയതായാണ് സൂചന. കൃത്യമായ ഗെയിം പ്ളാനോടെയാണ് യു.ഡി.എഫ് മുന്നോട്ടു പോവുക.
കാലേകൂട്ടി സ്ഥാനാർത്ഥികൾ
#ജനുവരി 15 ഓടെ ഘടക കക്ഷികളുമായുള്ള സീറ്റുവിഭജനം പൂർത്തിയാക്കാനാണ് തീരുമാനം. ഫെബ്രുവരി അവസാന വാരത്തോടെ സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയാക്കും.
#ഫെബ്രുവരി ആദ്യവാരത്തിൽ കാസർകോട് നിന്ന് തലസ്ഥാനത്തേക്ക് ജാഥ സംഘടിപ്പിക്കും. സർക്കാരിന്റെ ഭരണ പരാജയവും ശബരിമല സ്വർണ തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രചരണായുധമാക്കും.
#തദ്ദേശ തിരഞ്ഞെടുപ്പിൽ ആറു കോർപ്പറേഷനുകളുടെ തിരഞ്ഞെടുപ്പ് ചുമതല അനുഭവ സമ്പന്നരായ നേതാക്കളെ ഏൽപ്പിച്ചത് ഫലവത്തായ പരീക്ഷണമായി, അത്തരത്തിലുള്ള അടവുകളും പ്രയോഗിക്കും.
#തദ്ദേശ തിരഞ്ഞെടുപ്പിൽ കുടുംസംഗമങ്ങളും ഭവന സന്ദർശനമുൾപ്പെടെയുള്ള പരിപാടികളും നൽകിയ ചടുലത നിലനിർത്താമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ വിശ്വാസം.