രണ്ട് പേര്‍ കുട്ടികള്‍; കണ്ണൂരില്‍ വീടിനുള്ളില്‍ നാല് പേര്‍ മരിച്ച നിലയില്‍

Monday 22 December 2025 10:59 PM IST

കണ്ണൂര്‍: ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. കണ്ണൂര്‍, പയ്യന്നൂരിന് സമീപം രാമന്തളിയില്‍ വടക്കുമ്പാട് കൊവ്വപ്പുറത്താണ് സംഭവം. കെ.ടി കലാധരന്‍ (38), ഇയാളുടെ മാതാവ് ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണന്‍ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നൂര്‍ സ്വദേശിയാണ് കലാധരന്റെ ഭാര്യ. കൂട്ട ആത്മഹത്യയാണ് നടന്നത് എന്നാണ് സംശയിക്കുന്നത്.

രാത്രി എട്ട് മണിയോടെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ നാട്ടുകാര്‍ പയ്യന്നൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി വീട് പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. കുട്ടികള്‍ തറയില്‍ കിടന്ന നിലയിലും മുതിര്‍ന്നവര്‍ തൂങ്ങിയ നിലയിലുമായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കലാധരനും ഉഷയും ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നമാണ് കാരണമെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പയ്യന്നൂര്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.