ക്രിസ്മസ്-ന്യൂ ഇയർ വിപണിയിൽ മായം വേണ്ട; പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Tuesday 23 December 2025 12:59 AM IST

മലപ്പുറം: ക്രിസ്മസ്-പുതുവത്സരാഘോഷം അടുത്തിരിക്കെ വിപണിയിൽ ഭക്ഷ്യ വസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പാക്കാൻ പരിശോധന ആരംഭിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. 78 സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലും ലൈസൻസില്ലാതെയും പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾ അടച്ച് പൂട്ടാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഒമ്പത് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. രണ്ട് സ്ഥാപനങ്ങൾക്കെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ശുപാർശ ലഭിച്ചിട്ടുണ്ട്. 16 സർക്കിളുകളിലായി അഞ്ച് സ്പെഷ്യൽ സ്ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. 20ന് ആരംഭിച്ച പരിശോധന 27ന് അവസാനിക്കും. ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ മായം കലർത്തിയ കേക്ക് ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിപണിയിലെത്താനുള്ള സാദ്ധ്യത മുൻനിറുത്തിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന നടത്തുന്നത്. കേക്ക്-വൈൻ നിർമ്മാണ യൂണിറ്റുകൾ, ഹോം സ്‌റ്റേ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ബേക്കറി യൂണിറ്റുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, ചില്ലറ വിൽപ്പന ശാലകൾ, വഴിയോര ഭക്ഷണശാലകൾ, ചിക്കൻ-മത്സ്യ വിപണികൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കും. ഹോം ബേക്കർമാരെയും പരിശോധിക്കുന്നുണ്ട്. മായം കലർത്തിയെന്ന സംശയം തോന്നിയാൽ സാമ്പിളെടുത്ത് കോഴിക്കോട് ലാബിലേക്ക് പരിശോധനയ്ക്കയക്കും. പരിശോധനയിൽ ഇക്കാര്യം ഉറപ്പ് വരുത്തിയാൽ തുടർ നടപടികളിലേക്ക് കടക്കും.

ആകെ പരിശോധന - 78

അടച്ച് പൂട്ടാൻ നോട്ടീസ് നൽകിയത് - നാല്

പിഴ ചമുത്തിയത് - ഒമ്പത്

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാവരും ഹെൽത്ത് കാർഡ് എടുക്കേണ്ടത് നിർബന്ധമാണ്‌. വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമ പ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാണ്. അടച്ച് പൂട്ടാൻ നിർദേശിച്ച സ്ഥാപനങ്ങൾ വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കി ലൈസൻസ് എടുത്ത ശേഷം മാത്രമേ പ്രവർത്തിപ്പിക്കാൻ അനുമതി നൽകൂ. സി.എസ്.രാജേഷ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ