ആത്മബോധം ഉണർത്തുന്നതിന് ഈശ്വരസംഗമം അനിവാര്യം: ഡോ.സാമുവേൽ തിയോഫിലസ് മെത്രാപ്പൊലിത്ത
ശിവഗിരി : മനുഷ്യന്റെ ആത്മബോധത്തെ ഉണർത്തുന്നതിന് എക്കാലവും ഈശ്വര സംഗമം അനിവാര്യമാണെന്നും ജീവിതത്തിൽ സ്വയം ശുദ്ധീകരണമെന്നതാണ് ശിവഗിരി തീർത്ഥാടന ലക്ഷ്യമാകുന്നതെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ ഡോ. സാമുവേൽ തിയോഫിലസ് മെത്രാപ്പൊലിത്ത. ശിവഗിരിയിൽ തീർത്ഥാടനകാല സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണഗുരുദേവൻ അനുമതി നൽകിയത് വർഷത്തിന്റെ അവസാന ദിവസങ്ങളും പുതുവർഷത്തിന്റെ ആദ്യ ദിവസങ്ങളും ചേർന്നാണ്. കഴിഞ്ഞുപോയ വർഷത്തെ വിലയിരുത്താനും പുതുവർഷത്തിൽ പുത്തൻ തീരുമാനങ്ങൾ കൈക്കൊള്ളാനും ഈ ദിവസങ്ങൾ സാദ്ധ്യമാകണം . കേരള നവോത്ഥാനത്തിന്റെ പിതാവായ ശ്രീനാരായണഗുരുവിന്റെ നേതൃത്വവും ഉപദേശങ്ങളും സംഭാവനകളും നിസ്തുലവും വിപ്ലവകരവും ആയിരുന്നുവെന്നും ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ കേരള നവോത്ഥാനത്തിന്റെ ആരംഭം കുറിച്ചു. ആത്മബോധത്തിന്റെയും ദൈവിക ചൈതന്യത്തിന്റെയും പുതിയ അനുഭവങ്ങൾ രൂപപ്പെടുക തീർത്ഥാടനം പോലുള്ള മഹദ്‌വേളകളിലാണെന്നും മെത്രാപ്പൊലിത്ത പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , മാത്യൂ സ്മാർസിൽവാന്യൂസ് മെത്രാപ്പൊലിത്ത , ഫാ. ഡോ.ഡാനിയൽ ജോൺസൺ, ഫാ.ബിനു മാത്യു, ഫാ.ജോസ് കരിക്കം തുടങ്ങിയവർ പങ്കെടുത്തു.
ഭക്തിനിർഭരമായിഗുരുദേവകഥാമൃതം
ശിവഗിരി: ഗുരുദേവന്റെ ദീപ്തമായ ജീവിതത്തിലെ ചരിത്രഭാഗങ്ങൾ നഷ്ടപ്പെട്ടു പോകാതെ സൂക്ഷിക്കുന്നതിന്റെ ഭാഗമായി ഗുരുദേവകഥാമൃതം പരിപാടി ശിവഗിരിയിൽ നടന്നു. സ്വാമിനി മാതാ നാരായണ ചൈതന്യമയി ദീപം തെളിച്ച് തുടക്കം കുറിച്ചു. ഗുരുദേവന്റെ ജീവിതത്തെ പലകോണുകളിൽ നിന്ന് വീക്ഷിച്ച ഗുരുഭക്തന്മാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനായും പുസ്തകങ്ങളിൽ പരാമർശിക്കാത്ത ഗുരുദേവനെ സംബന്ധിച്ചുളള ചരിത്രകാര്യങ്ങൾ ശേഖരിക്കുന്നതിനുമായാണ് ശിവഗിരി തീർത്ഥാടനകാല സമ്മേളനങ്ങളോട് അനുബന്ധിച്ച് ഗുരുദേവകഥാമൃതം സംഘടിപ്പിച്ചത്. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആമുഖപ്രഭാഷണം നടത്തി.ഗുരുദേവന്റെ മഹാസമാധിക്കുശേഷവും ഭക്തജനങ്ങൾക്ക് ഗുരുദേവകാരുണ്യം ലഭിച്ച ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഗുരുദേവകഥാമൃതത്തിലൂടെ അറിയപ്പെടാത്ത ചരിത്രസംഭവ പരമ്പരകൾ രേഖയാക്കി തയ്യാറാക്കി വരും തലമുറയ്ക്ക് സംഭാവന ചെയ്യാനാണ് ശിവഗിരിമഠം തീരുമാനിച്ചിട്ടുളളതെന്നും സ്വാമി പറഞ്ഞു.