എൽ.എസ്.എസ്,യു.എസ്.എസ്.പരീക്ഷകൾ അട്ടിമറിക്കാൻ നീക്കം: കെ.പി.എസ്.ടി.എ.

Tuesday 23 December 2025 1:42 AM IST

തിരുവനന്തപുരം: പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള മത്സര പരീക്ഷകളായ എൽ.എസ്.എസ്, യു.എസ്.എസ് എന്നിവ അട്ടിമറിക്കാനുള്ള നീക്കം ആസൂത്രിതമാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. പരീക്ഷകളിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവർക്ക് സ്കോളർഷിപ്പിനർഹതയുണ്ട്. എന്നാൽ, സർക്കാർ വർഷങ്ങളായി വിജയികൾക്ക് സ്കോളർഷിപ്പ് തുക നൽകുന്നില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി 'കട്ട് ഓഫ് മാർക്ക്' നിശ്ചയിക്കാനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ്. തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും നിലവിലുള്ള രീതിയിൽ പരീക്ഷകൾ നടത്തണമെന്നും കെ.പി.എസ്.ടി.എ. ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ,ട്രഷറർ അനിൽ വട്ടപ്പാറ,ബി.സുനിൽകുമാർ,എൻ.രാജ്മോഹൻ,ബി.ബിജു,അനിൽ വെഞ്ഞാറമൂട്, ടി.യു.സാദത്ത്,പി.എസ്.ഗിരീഷ് കുമാർ,സാജു ജോർജ്,ജി.കെ.ഗിരീഷ്,എം.കെ.അരുണ,ജോൺ ബോസ്കോ,പി.എസ്.മനോജ്,പി.വിനോദ് കുമാർ,പി.എം.നാസർ,പി.പി.ഹരിലാൽ,പി.എം.ശ്രീജിത്ത്,സി.വി.സന്ധ്യ,ടി.ആബിദ്,ആർ.തനൂജ തുടങ്ങിയവർ സംസാരിച്ചു.