ജയിൽ ഡി.ഐ.ജി വിനോദിന്റെ അനധികൃത സ്വത്തിലും അന്വേഷണം
തിരുവനന്തപുരം: ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതിന് കേസെടുത്തതിന് പിന്നാലെ ജയിൽ ഡി.ഐ.ജി എം.കെ.വിനോദ് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി. ജയിൽ ഉദ്യോഗസ്ഥരിൽ നിന്നും തടവുകാരിൽ നിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങി അനധികൃത സ്വത്തുക്കളുണ്ടാക്കിയെന്ന ആരോപണത്തെതുടർന്നാണിത്. തെളിവുകൾ കണ്ടെത്തിയാൽ കേസെടുക്കും.
ഡി.ഐ.ജിയുടെ അരൂരിലെ വസതിയിലും പൂജപ്പുരയിലെ ക്വാർട്ടേഴ്സിലും വിജിലൻസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. അതേസമയം, വിജിലൻസ് കൈക്കൂലിക്കേസെടുത്ത് ഒരാഴ്ചയായിട്ടും ഡി.ഐ.ജിക്കെതിരെ സർക്കാർ നടപടിയെടുത്തിട്ടില്ല. സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. കഴിഞ്ഞ 16നാണ് ഡി.ഐ.ജിക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ വർഷം മാർച്ച് മുതൽ കഴിഞ്ഞ നവംബർ 15വരെ 1.8ലക്ഷം രൂപ തടവുകാരിൽ നിന്നടക്കം കൈക്കൂലി വാങ്ങിയതിന് തെളിവുകൾ കണ്ടെത്തിയിരുന്നു. ജയിലുകളിൽ തടവുകാർക്ക് സൗകര്യമൊരുക്കാനും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനുമായിരുന്നു കൈക്കൂലി. ഡി.ഐ.ജിയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ 75ലക്ഷം രൂപയെത്തിയിട്ടുണ്ടെന്നും വിജിലൻസ് പറയുന്നു. ജയിൽ ആസ്ഥാനത്തെ സുപ്രധാന പദവിയിൽ തുടർന്നാൽ വിനോദ് കുമാർ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന് വിജിലൻസ് സർക്കാരിനെ അറിയിച്ചിരുന്നു.
കുറ്റവാളികൾക്ക് ജയിലിൽ സൗകര്യമൊരുക്കാനും പരോളിനുമായി കൈക്കൂലി വാങ്ങിയെന്ന കേസിൽ അന്വേഷണം നേരിടുന്ന ജയിൽ ഡി.ഐ.ജി എം.കെ.വിനോദ് കുമാറിന്റെ മണ്ണഞ്ചേരിയിലുള്ള വീട്ടിൽ വിജിലൻസ് പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്നെത്തിയ സംഘം റോഡുമുക്കിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ കഴിഞ്ഞദിവസമാണ് പരിശോധന നടത്തിയത്. വാച്ചുകളും ബാങ്ക് പാസ് ബുക്കുകളും കണ്ടെത്തിയതാണ് വിജിലൻസ് അധികൃതർ നൽകുന്ന വിവരം.