മെഡിസെപ് പ്രീമിയം തുക വർദ്ധിപ്പിച്ചു, 500ൽ നിന്ന് 810 ആയി ഉയർത്തി, പ്രതിഷേധത്തിന് പ്രതിപക്ഷ സംഘടനകൾ
തിരുവനന്തപുരം സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) പ്രീമിയം തുക വർദ്ധിപ്പിച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഇൻഷുറൻസ് പ്രീമിയം മാസം 500 രൂപയിൽ നിന്ന് 810 ആയി വർദ്ധിപ്പിച്ചു. ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഇന്നലെ ഉത്തരവ് പുറത്തിറക്കി.
8237രൂപയും ജി.എസ്.ടി.യുമായിരിക്കും വാർഷിക പ്രീമിയം. ജീവനക്കാരിലും പെൻഷൻകാരിലും നിന്ന് 810രൂപവീതം പ്രതിമാസം പിടിക്കും. മാസം 310 രൂപയുടെ വർദ്ധനവാണുണ്ടായത്. സർക്കാരും ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയും തമ്മിലുള്ള ധാരണവ്യവസ്ഥകൾക്ക് അനുസരിച്ചായിരിക്കും ആനുകൂല്യങ്ങൾ ലഭിക്കുക. ആദ്യവർഷത്തെ പ്രീമിയം മാത്രമാണ് ഉത്തരവിൽ പരാമർശിക്കുന്നത്. പെൻഷൻകാർക്ക് പ്രീമിയം തുക പെൻഷൻ തുകയിൽ നിന്ന് ഈടാക്കും. ഇതിനെ നിയമപരമായി നേരിടാൻ പ്രതിപക്ഷ സർവീസ് സംഘടനകൾ തീരുമാനിച്ചതായാണ് വിവരം.