സ്വര്‍ണം പണയം വയ്ക്കുന്നവര്‍ക്ക് ഇത് 'നല്ലകാലം'; ഓഫര്‍ പ്രഖ്യാപിച്ച് ഈ ബാങ്ക്
തിരുവനന്തപുരം: കേരളബാങ്കില്‍ '100ഗോള്‍ഡന്‍ ഡെയ്‌സ് 2.0' എന്ന പേരില്‍ പ്രത്യേക സ്വര്‍ണപണയ വായ്പയ്ക്ക് തുടക്കമായി. പ്രസിഡന്റ് പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.വി.രാജേഷ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോയ് എബ്രഹാം, ചീഫ് ജനറല്‍ മാനേജര്‍ എ. അനില്‍കുമാര്‍, ജനറല്‍ മാനേജര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇന്നുമുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31വരെ നൂറ് ദിവസത്തേക്കുള്ള സ്വര്‍ണ്ണപണയവായ്പാപദ്ധതിയാണിത്. ഒരുലക്ഷം രൂപവരെ നല്‍കും. നൂറുരൂപയ്ക്ക് പ്രതിമാസം 77പൈസയാണ് പലിശ. ഇത് രണ്ടാം തവണയാണ് 100ഗോള്‍ഡന്‍ഡെയ്‌സ് സ്വര്‍ണവായ്പാപദ്ധതി നടത്തുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ നടത്തിയ പദ്ധതിയിലൂടെ 2701 കോടി രൂപയുടെ ബിസിനസാണ് കിട്ടിയത്.
സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക്
ഒരു ലക്ഷം! മാന്ത്രിക സംഖ്യ തൊടാന്‍ വെറും 160 രൂപ മാത്രം കുറവ്. കേരളത്തില്‍ ഇന്നലെ സ്വര്‍ണവിലയിലുണ്ടായ കുതിപ്പില്‍ പവന് 99,840 രൂപയായി. ഇന്നലെ രാവിലെ 800 രൂപയും ഉച്ചയ്ക്ക് 640 രൂപയുമാണ് പവന്‍ വില ഉയര്‍ന്നത്. ഗ്രാമിന് രാവിലെ 100 രൂപയും ഉച്ചയ്ക്ക് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. ഗ്രാമിന് 12, 480 രൂപയാണ് വില. രാജ്യാന്തര വില ഔണ്‍സിന് 4,412 ഡോളറെന്ന റെക്കാര്‍ഡിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വില വര്‍ദ്ധിച്ചത്. ജി.എസ്.ടിയും പണിക്കൂലിയും അടക്കം ഒരു ലക്ഷം രൂപയിലേറെ നല്‍കിയാലേ ഒരു പവന്‍ ആഭരണം ഉപഭോക്താവിന് സ്വന്തമാക്കാനാകൂ.
സുരക്ഷിത നിക്ഷേപമെന്ന കരുത്ത്
ആഗോളതലത്തിലെ വിവിധ സാഹചര്യങ്ങളാല്‍ സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ കരുതുന്നതാണ് സ്വര്‍ണത്തിന് കരുത്തേകുന്നത്. സംഘര്‍ഷഭരിതമായ ആഗോള സാഹചര്യത്തില്‍ ഡോളറിന് ആകര്‍ഷകമായ ബദലാണ് സ്വര്‍ണം. യു.എസ് ഡോളര്‍ സംഭരിക്കുന്നതില്‍ നിന്ന് മാറി കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും സ്വര്‍ണത്തിന് മേല്‍ക്കൈ നല്‍കുന്നുണ്ട്.
ആഭ്യന്തര വിപണിയില്‍ ആഭരണങ്ങളുടെ ഡിമാന്‍ഡില്‍ ചെറിയ ഇടിവുണ്ടെങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ താത്പര്യം കാട്ടുന്നുണ്ട്. ഉത്സവകാല ആഭരണം എന്നതിലുപരി സാമ്പത്തിക ആസ്തിയാണെന്ന തിരിച്ചറിവില്‍ സ്വര്‍ണനാണയങ്ങളും സ്വര്‍ണക്കട്ടികളും ഇ.ടി.എഫുകളും നിക്ഷേപകര്‍ വാങ്ങുന്നുണ്ട്.
ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചത്
ഓഹരി വിപണിയിലെ അസ്ഥിരത