കടബാദ്ധ്യത ഒഴിവാക്കാൻ കൂപ്പൺ; പ്രവാസി അറസ്റ്റിൽ

Tuesday 23 December 2025 1:51 AM IST

കണ്ണൂർ: ക്യാൻസർ ബാധിച്ച ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനും കടബാദ്ധ്യതയിൽനിന്ന് കരകയറാനും വീടും സ്ഥലവും സമ്മാനമാക്കി കൂപ്പൺ അച്ചടിച്ചു വിറ്റ പ്രവാസി കേളകം അടയ്ക്കാത്തോട് കാട്ടുപാലം ബെന്നി തോമസ് (67) അറസ്റ്റിൽ.

ലോട്ടറി വകുപ്പ് നൽകിയ പരാതിയെ തുടർന്നാണിത്. ഡിസംബർ 20നായിരുന്നു വീടിന് സമീപത്തെ ഓഡിറ്റോറിയത്തിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ, തലേദിവസം ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

1500 രൂപ നിരക്കിൽ 9000 കൂപ്പണുകൾ ഇതിനകം വിറ്റുപോയിട്ടുണ്ടെന്നാണ് വിവരം. പതിനായിരം കൂപ്പണുകളാണ് ആകെ അച്ചടിച്ചത്. ബാക്കിയുള്ള കൂപ്പണുകൾ കേളകം പൊലീസ് പിടിച്ചെടുത്തു. വീട് സീൽ ചെയ്തു. കൂപ്പൺ വിറ്റ പണം കൊണ്ട് അടിയന്തരമായി തീർക്കേണ്ട ബാദ്ധ്യതകൾ തീർത്തതായി ബെന്നി പൊലീസിന് മൊഴി നൽകി. കടം തീർത്ത് ചെറിയൊരു വീട് വാങ്ങി താമസം മാറാനായിരുന്നു പദ്ധതിയിട്ടതെന്നും മൊഴി നൽകി. അതേസമയം, കൂപ്പൺ വാങ്ങിയവർ പരാതിയുമായി രംഗത്തെത്തി.

ഗൾഫിൽ സ്പെയർപാ‌ർട്സ് കട തുടങ്ങുന്നതിനും നാട്ടിലെ കൃഷിക്കുമായി എടുത്ത 55 ലക്ഷം വായ്പയുടെ തിരിച്ചടവ് കൊവിഡ് കാലത്ത് മുടങ്ങിയതോടെയാണ് ബെന്നി പ്രതിസന്ധിയിലായത്. കട അടച്ചുപൂട്ടിയതിന് പിന്നാലെ ഭാര്യയുടെ കാൻസർ ചികിത്സാചെലവ് കൂടിയായതോടെ 85 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടായി. തുടർന്നാണ് സമ്മാനക്കൂപ്പണുമായി ഇറങ്ങിയത്. സൗദിയിലെ റിയാദിൽ 35 വർഷത്തോളം ബെന്നി ജോലി ചെയ്തിരുന്നു.

വീടും കാറും സമ്മാനം 3300 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഇരുനില വീടും 26 സെന്റ് ഭൂമിയും ഒന്നാം സമ്മാനമായും യൂസ്ഡ് ഥാർ കാർ, മാരുതി സെലേറിയോ കാർ, പുതിയ എൻഫീൽഡ് ബുള്ളറ്റ് എന്നിവ മറ്റ് സമ്മാനങ്ങളായും പ്രഖ്യാപിച്ചാണ് കൂപ്പൺ തയ്യാറാക്കിയത്. കഴിഞ്ഞ മാർച്ചിലാണ് കൂപ്പൺ അച്ചടിച്ചത്.