അൻവറിന് നിലനിൽപ്പിന്റെ അവസാന പിടിവള്ളി

Tuesday 23 December 2025 12:00 AM IST

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ നിറംമങ്ങിയ പ്രകടനത്തോടെ രാഷ്ട്രീയ ഭാവി ഇരുട്ടിലായ അൻവറിന് യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗത്വം നിലനിൽപ്പിന്റെ അവസാന പിടിവള്ളിയായി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാൽ തൃണമൂലിനെ അസോസിയേറ്റ് അംഗമാക്കാമെന്ന് അന്ന് കോൺഗ്രസ് അറിയിച്ചിരുന്നെങ്കിലും നിയമസഭയിലേക്ക് രണ്ട് സീറ്റും മന്ത്രിസ്ഥാനവും കോർപ്പറേഷൻ,​ ബോർഡ് സ്ഥാനങ്ങളും ആവശ്യപ്പെട്ടുള്ള അൻവറിന്റെ വിലപേശലിൽ ചർച്ച വഴിമുട്ടി. പിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വ്യക്തിപരമായടക്കം അധിക്ഷേപിച്ച അൻവർ നിലമ്പൂരിൽ സ്വതന്ത്രനായി 19,970 വോട്ടുമായി കരുത്തു തെളിയിച്ചു. തന്റെ പിന്തുണ അനിവാര്യമാണെന്ന തിരിച്ചറിവിൽ യു.ഡി.എഫ് തന്റെ വഴിയെ വരുമെന്നും അൻവർ കണക്കുകൂട്ടി. 2021ൽ അൻവർ 2,700 വോട്ടിന് വിജയിച്ച മണ്ഡലത്തിൽ അൻവറും ഇടതുമുന്നണിയും എതിരായിട്ടും യു.ഡി.എഫിന് 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കാനായതോടെ അൻവറിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ,​ ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ എതിർപ്പിൽ തദ്ദേശ തിരഞ്ഞെടുപ്പ് സഖ്യമെന്ന അൻവറിന്റെ മോഹമില്ലാതായി. 11 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചപ്പോൾ ദയനീയമായി പരാജയപ്പെട്ടു. മുസ്‌ലിം ലീഗ് ദേശീയ ട്രഷറർ പി.വി.അബ്ദുൽ വഹാബ് വഴി പാണക്കാട് സാദിഖലി തങ്ങളെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും സ്വാധീനിച്ച അൻവ‌‌ർ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ യു.ഡി.എഫ് പ്രവേശനമെന്ന തന്റെ ആവശ്യം വീണ്ടും ഉന്നയിക്കാൻ അഭ്യർത്ഥിച്ചു. ലീഗിന്റെകൂടി സമ്മർദ്ദത്തിലാണ് യു.ഡി.എഫ് പ്രവേശനം.