തെളിവുമായി ജുവലറിയുടമ ഗോവർദ്ധൻ , എടുത്ത സ്വർണത്തിന് ബോർഡിന് പണം നൽകി
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ജുവലറി ഉടമ ഗോവർദ്ധൻ ഹൈക്കോടതിയിൽ ജാമ്യഹർജിക്കൊപ്പം സമർപ്പിച്ച തെളിവുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ കടുത്ത പ്രതിരോധത്തിലാക്കി. 2019ൽ ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണിക്കിടെ ബാക്കി വന്ന 474.97ഗ്രാം സ്വർണം വാങ്ങിയതിന് പകരമായി 9.99 ലക്ഷം രൂപ ഡിമാൻഡ് ഡ്രാഫ്റ്റുകളായി ബോർഡിൽ അടച്ചതിന്റെ പകർപ്പാണ് ഹാജരാക്കിയത്. 2.7 ലക്ഷം രൂപയുടെ സ്വർണഹാരം മാളികപ്പുറത്തമ്മയ്‌ക്ക് സമർപ്പിച്ചെന്നും ഗോവർദ്ധൻ പറയുന്നു. ശബരിമല എക്സിക്യുട്ടീവ് ഓഫീസർ, ശ്രീധർമ്മശാസ്താ അന്നദാനം ട്രസ്റ്റ് എന്നീ പേരുകളിലാണ് ഡി.ഡികൾ എടുത്തത്.
സ്വർണം ബാക്കിവന്നതിന് തെളിവായി ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലാണ് ഇതുവരെ ആധാരമാക്കിയിരുന്നത്. എന്നാൽ സ്വർണത്തിന്റെ ദുരുപയോഗം ബോർഡ് അറിയുകയും പകരം പണം സ്വീകരിക്കുകയും ചെയ്തെന്ന് സംശയിക്കാവുന്ന വിവരങ്ങളാണ് ഹർജിയിലുള്ളത്. അക്കാലത്ത് ഇത്രയും 22 കാരറ്റ് സ്വർണത്തിന് 14.97 ലക്ഷം രൂപ വിലയുണ്ടായിരുന്നു. പോറ്റിയുടെ നിർദ്ദേശപ്രകാരമാണ് ബോർഡിലേക്ക് പണവും ഹാരവും നൽകിയത്. ശേഷിക്കുന്ന 1.7 ലക്ഷം രൂപ പോറ്റി തന്റെ അക്കൗണ്ടിലേക്ക് വാങ്ങിയതായും ഗോവർദ്ധൻ പറയുന്നു.
പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തി സ്വർണം പിടിച്ചെടുത്തെന്നും ഹർജിയിൽ ആരോപണമുണ്ട്. ജുവലറിയിലെ ആവശ്യത്തിന് ഇറക്കുമതി ചെയ്തിരുന്ന 24 കാരറ്റ് സ്വർണബിസ്കറ്റുകളാണ് പിടിച്ചെടുത്തത്. ഇതിന് വിപണിവില 60 ലക്ഷം രൂപ വരും. അന്വേഷണവുമായി സഹകരിക്കുകയും ചോദ്യം ചെയ്യലിന് പലതവണ ഹാജരാവുകയും പൊലീസ് അന്വേഷിച്ചിരുന്ന കൽപേഷ്, നാഗേഷ് എന്നിവരെ സ്വന്തം ചെലവിൽ ഹാജരാക്കുകയും ചെയ്തു. ബോർഡിന് ഒരു നഷ്ടവും വരുത്തിയിട്ടില്ല. എന്നാൽ പൊലീസ് നടപടിയിലൂടെ തനിക്ക് പ്രശ്നങ്ങളുണ്ടായി. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ജയിലിൽ ജീവൻ അപകടത്തിലാണ്. അതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ഗോവർദ്ധന്റെ ആവശ്യം.
പോറ്റിയുടെ പ്രേരണകൾ
അയ്യപ്പ ഭക്തനായ താൻ 1995 മുതൽ എല്ലാ വർഷവും മല കയറുന്നുണ്ടെന്ന് ഗോവർദ്ധൻ പറയുന്നു. 2007ൽ പടിപൂജ വഴിപാടിന് ആഗ്രഹിച്ചു. എന്നാൽ ഭാഷ പ്രശ്നമായി. അപ്പോഴാണ് തന്ത്രിയുടെ മുറിയിൽ നിന്ന് ഇറങ്ങിവന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടതും സഹായങ്ങൾ തേടിയതും. പിന്നീട് പോറ്റിയുടെ പ്രേരണയിൽ പല സംഭാവനകളും നൽകി. ഒരു ലക്ഷത്തിന്റെ ഓട്ടുരുളിയും സമർപ്പിച്ചു. പോറ്റി ആവശ്യപ്പെട്ടതു പ്രകാരമാണ് ശ്രീകോവിൽ വാതിൽ പുതുക്കിപ്പണിയലിനും കട്ടിളപ്പാളി അറ്റകുറ്റപ്പണിക്കും സ്പോൺസറായതെന്നും ഹർജിയിൽ പറയുന്നു.
ശബരിമലയിലെ സ്വർണം: കണ്ടെത്താനാവാതെ എസ്.ഐ.ടി
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിൽ നിന്ന് കവർന്ന സ്വർണം എവിടെപ്പോയെന്ന് കണ്ടെത്താനാവാതെ പ്രത്യേക അന്വേഷണ സംഘം. ബെല്ലാരിയിലെ ഗോവർദ്ധന്റെ ജൂവലറിയിൽ നിന്ന് 470 ഗ്രാം സ്വർണം പിടിച്ചെടുത്തെങ്കിലും ഇത് ശബരിമലയിൽ നിന്ന് നഷ്ടമായതല്ല. സ്വർണം കണ്ടെത്താനായില്ലെങ്കിൽ കേസ് ദുർബലമാവും.
പാളികളിൽ നിന്ന് സ്വർണം വേർതിരിച്ച സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും സ്വർണം വാങ്ങിയ ജൂവലറിയുടമ ഗോവർദ്ധനെയും ചോദ്യംചെയ്ത് സ്വർണമെവിടെയെന്ന് കണ്ടെത്താനാണ് ശ്രമം. സ്വർണം വിൽക്കുന്നതിന് ഇടനിലക്കാരനായ കൽപ്പേഷിനെയും പിടികൂടും. സ്വർണക്കൊള്ളയുടെ ഗൂഢാലോചനയിലും ഇവർക്ക് പ്രധാന പങ്കുണ്ട്.
ശബരിമലയിലെ ഉപക്ഷേത്രങ്ങളായ കന്നിമൂല ഗണപതി, നാഗരാജക്ഷേത്രം, മാളികപ്പുറം എന്നിവിടങ്ങളിലെ മേൽക്കൂരകൾ 2009ൽ സ്മാർട്ട് ക്രിയേഷൻസ് സ്വർണം പൂശി നൽകിയിരുന്നു. 1998ൽ സ്വർണം പൂശിയ ഗണപതി ക്ഷേത്രത്തിന്റേയും നാഗരാജ ക്ഷേത്രത്തിന്റേയും കലശങ്ങൾക്ക് എന്തു സംഭവിച്ചുവെന്ന സംശയം ഇതോടെ ശക്തമായി.
പോറ്റിക്ക് ഒന്നരക്കോടി നൽകി സ്വർണം വാങ്ങുന്നതിന് മുമ്പേ പല ഘട്ടങ്ങളിലായി ഒന്നരക്കോടി രൂപ ശബരിമലയിലെ സ്പോൺസർഷിപ്പിനും മറ്റുമായി പോറ്റിക്ക് ഗോവർദ്ധൻ നൽകിയിട്ടുണ്ട്. സ്വർണം വാങ്ങിയശേഷം 15 ലക്ഷം നൽകി. ശബരിമല സ്വർണമാണെന്ന് അറിഞ്ഞപ്പോൾ മാനസിക വിഷമമുണ്ടായെന്നും പ്രായശ്ചിത്തത്തിനായി 10 ലക്ഷം രൂപയുടെ ഡിഡിയെടുത്ത് അന്നദാനത്തിനായി പോറ്റിക്ക് കൈമാറിയെന്നും ഗോവർദ്ധൻ മൊഴി നൽകിയിട്ടുണ്ട്. മാളികപ്പുറത്ത് സമർപ്പിക്കാൻ 10 പവൻ സ്വർണമാലയും പോറ്റിയുടെ കൈവശം കൊടുത്തയച്ചെന്നും മൊഴിയിലുണ്ട്.