അവർ വോട്ട് മറിച്ചിട്ടും ബി.ജെ.പി തോറ്റില്ല: എം.ടി. രമേശ്

Tuesday 23 December 2025 12:23 AM IST

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പലസ്ഥലത്തും സി.പി.എമ്മും കോൺഗ്രസും ഒന്നിച്ച് നിന്നിട്ടും ബി.ജെ.പിയെ പരാജയപ്പെടുത്താനായില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കണ്ണൂർ മാരാർജി ഭവനിൽ നടന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂവായിരത്തോളം വാർഡുകളിൽ സി.പി.എമ്മും കോൺഗ്രസും പരസ്പരം വോട്ട് മറിച്ചു. പന്തളം മുനിസിപ്പാലിറ്റിയിൽ ഒന്നിച്ച് നിന്ന് പരസ്പരം വോട്ട് കൈമാറി. കാസർകോട് ചില സ്ഥലത്ത് സി.പി.എം സ്ഥാനാർത്ഥിയെ നിർത്തിയില്ല. അതിനെയും അതിജീവിച്ചാണ് ബി.ജെ.പി മികച്ച വിജയം നേടിയത്. എല്ലാ ജില്ലയിലും ബിജെപി മികച്ച വിജയം നേടി. സർക്കാരിനെതിരായ ജനകീയ പ്രതിഷേധത്തിന്റെ സാമാന്യനേട്ടം പ്രതിപക്ഷമായ യു.ഡി.എഫിന് ലഭിച്ചു. അതുകൊണ്ട് മാത്രമാണ് അവർക്ക് വിജയം നേടിയത്. സി.പി.എം തകർച്ചയുടെ ഗുണഭോക്താവ് യു.ഡി.എഫ് മാത്രമാണെന്ന നിലമാറി. സി.പി.എം ഭരിക്കുന്നപഞ്ചായത്തുകളിൽ ബി.ജെ.പി ഭരണം പിടിച്ചെടുത്തു. തിരുവനന്തപുരം കോർപ്പറേഷനിൽ അംഗങ്ങളുടെ അഭിപ്രായം നോക്കി ജില്ലാ കമ്മറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനക്കമ്മറ്റി തീരുമാനമെടുക്കും. തൃശ്ശൂർ കോർപറേഷനിൽ ആദ്യമായാണ് ഒരു മുസ്ലിം വനിത കൗൺസിലറായത്. ബി.ജെ.പി ടിക്കറ്റിലാണ് അവർ ജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.