പാറാട് സി.പി.എം ബ്രാഞ്ച് ഓഫീസിന് തീയിട്ടു
പാനൂർ (കണ്ണൂർ):സിപി എം പാറാട് ബ്രാഞ്ച് ഓഫീസിന് തീയിട്ടു. ഇന്നലെ പുലർച്ചെയോടെ യാണ് പാറാട് ടൗൺ കല്ലിക്കണ്ടിറോഡിലുള്ള വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഓഫീസിന് തീയിട്ടത്. ജനലിലൂടെ പെട്രോൾ ഉള്ളിലെക്കൊഴിച്ചു കത്തിക്കുകയായിരുന്നു. പാർട്ടി പതാകകളും പ്രചാരണബോർഡുകളും, ഫർണിച്ചറുകളും, പുസ്തകങ്ങളും നേതാക്കളുടെ ഫോട്ടോയടക്കം ചാരമായി.
വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണ്. തീ ആളിപ്പടരാത്തിനാൽ വലിയ അപകടം ഒഴിവായി.
കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ പി. സാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി അന്വേഷണമാരംഭിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ, ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള ഉൾപ്പെടെയുള്ളവർ ഓഫീസ് സന്ദർശിച്ചു.
കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തതിനുപിന്നാലെ പാറാടെ ടൗണിൽ സി.പി.എം സ്തൂപം തകർക്കുകയും സി.പി.എം- മുസ്ലിം ലീഗ് പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. പിന്നാലെ വടിവാളുമായി സി.പി.എം പ്രവർത്തകർ മുസ്ലിം ലീഗ് പ്രവർത്തകരുടെ വീടുകളിലെത്തിയതും വിവാദമായിരുന്നു. അഞ്ചു പേർ റിമാൻഡിൽ കഴിയുന്നതിനിടെയാണ് തീവെപ്പ് .
തിരക്കഥയെന്ന് യു.ഡി.എഫ്
പാനൂർ:സി.പി.എം ഓഫീസിന് തീ ഇട്ടുവെന്നത് എൽ.ഡി.എഫിന്റെ തിരക്കഥയെന്ന് സംശയിക്കുന്നതായി യു.ഡി എഫ് കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ടൗണിൽ മുഴുവൻ സമയം പൊലീസ് കാവലുണ്ട്. ഇതിനിടയിൽ സി.പി.എം ബ്രാഞ്ച് ഓഫീസിന് തീ ഇട്ടു എന്നത് ശുദ്ധ അസംബന്ധമാണെന്ന് യു.ഡി.എഫ് കമ്മിറ്റി പ്രസ്താവിച്ചു.