പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് ഒരു മാസത്തിനകം ശരിയായി സത്യപ്രതിജ്ഞ ചെയ്യണം
തിരുവനന്തപുരം: വിവിധ ആരാധനാമൂർത്തികൾ, ദൈവങ്ങൾ, ഭരണഘടന, ഭാരതാംബ... നിയമത്തിൽ നിർദ്ദേശിച്ചിട്ടില്ലാത്ത പല പേരുകളിൽ സത്യപ്രതിജ്ഞ ചെയ്ത തദ്ദേശ അംഗങ്ങൾ കുരുക്കിലാകും. ഇതിന് നിയമസാധുതയില്ലെന്ന് വിദഗ്ദ്ധർ. തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസത്തിനുള്ളിൽ നിയമപ്രകാരമുള്ള സത്യവാചകം ചൊല്ലി അധികാരമേറ്റില്ലെങ്കിൽ അയോഗ്യനാക്കപ്പെടാം. അതിനുശേഷം ആരെങ്കിലും പരാതിപ്പെട്ടാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടാകും നടപടിയെടുക്കുക.
നിയമപ്രകാരം നിർദ്ദിഷ്ട സത്യവാചകം ചൊല്ലി അവസാനിപ്പിക്കുമ്പോൾ 'ദൃഢപ്രതിജ്ഞ ചെയ്യുന്നു' എന്നോ 'ഈശ്വരനാമത്തിൽ' അല്ലെങ്കിൽ 'ദൈവനാമത്തിൽ' സത്യപ്രതിജ്ഞ ചെയ്യുന്നു എന്നോ ആണ് പറയേണ്ടത്. അല്ലാതെയുള്ള പേരോ വാക്കോ ഉപയോഗിച്ചാൽ നിയമപരമായി നിലനിൽക്കില്ല. അതേസമയം, നിയമപ്രകാരമുള്ള സത്യപ്രതിജ്ഞ ചൊല്ലിയശേഷം മറ്റു പേരുകൾ ഉപയോഗിക്കുന്നതിനോ മുദ്രാവാക്യം മുഴക്കുന്നതിനോ തടസമില്ല.
ഞായറാഴ്ച സത്യപ്രതിജ്ഞ നടന്ന 1200 തദ്ദേശ സ്ഥാപനങ്ങളുടേയും റിപ്പോർട്ടുകൾ രണ്ടു ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് കിട്ടും. പരാതിയുള്ളവ കമ്മിഷൻ പ്രത്യേകമായി പരിശോധിക്കും.അതിൽ തീരുമാനമെടുത്ത് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കാൻ അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ് ചുമതല. സത്യപ്രതിജ്ഞ ശരിയായി നടന്നില്ലെങ്കിൽ ചൂണ്ടിക്കാട്ടേണ്ടതും അവരാണ്.
ഉമ്മൻചാണ്ടിയുടേയും
വി.എസിന്റേയും പേരിലും..
ഞായറാഴ്ച തദ്ദേശ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നപ്പോൾ ചിലർ അയ്യപ്പൻ, ശാസ്താവ്, ശ്രീരാമൻ, അല്ലാഹു തുടങ്ങിയവരുടെ നാമത്തിലും ഭരണഘടനയുടെ പേരിലും ഭാരതാംബയുടെ പേരിലുമൊക്കെ സത്യപ്രതിജ്ഞ ചെയ്തു. വി.എസിന്റെയും ഉമ്മൻചാണ്ടിയുടെ പേരിലും രക്തസാക്ഷികളുടെയും ബലിദാനികളുടെയും പേരിലും ചിലർ സത്യപ്രതിജ്ഞ ചെയ്തിരുന്നു.