പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണം : ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ലൈംഗിക പീഡനക്കേസ് ഇരകൾക്ക് നഷ്‌ടപരിഹാരം അനുവദിക്കുന്ന പദ്ധതി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് നിരീക്ഷിച്ച ഡൽഹി ഹൈക്കോടതി, അതു തടയാൻ മാർഗരേഖയും പുറപ്പെടുവിച്ചു. പീഡനക്കേസിൽ എഫ്.ഐ.ആർ രജിസ്റ്ററായാൽ ഇരയ്‌ക്ക് ഇടക്കാല നഷ്‌ടപരിഹാരം ലഭിക്കും. പക്ഷെ ചില കേസുകളിൽ ഇര മൊഴിയിൽ നിന്ന് പിന്നോട്ടുപോകുകയോ പ്രതിയുമായി സമവായത്തിലെത്തുകയോ ചെയ്ത് കേസും വിചാരണയും റദ്ദാക്കാൻ പോലും ആവശ്യപ്പെടുന്നു. എന്നാൽ ഇതിനകം ലഭിച്ച ഇടക്കാല നഷ്‌ടപരിഹാരം തിരിച്ചു കൊടുക്കില്ല. തിരിച്ചുപിടിക്കാൻ ലീഗൽ സർവീസസ് അതോറിട്ടിക്ക് പ്രത്യേക സംവിധാനവുമില്ല. ഇരകൾക്ക് തുണയാകാനുള്ള പദ്ധതിയുടെ വിശ്വാസ്യതയെയും സുസ്ഥിരതയെയും ദുർബലപ്പെടുത്തുന്നതാണിതെന്ന് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ ചൂണ്ടിക്കാട്ടി.
മാർഗരേഖ ഇങ്ങനെ
ഇരയിൽ നിന്ന് നഷ്‌ടപരിഹാരം തിരിച്ചുപിടിക്കാൻ ലീഗൽ സർവീസസ് അതോറിട്ടി നടപടിയെടുക്കണം
ഇതിനായി വിചാരണക്കോടതി വിധിപകർപ്പ് അതോറിട്ടിക്ക് കൈമാറണം
ഇര കൂറുമാറുന്ന സാഹചര്യങ്ങളിൽ നഷ്‌ടപരിഹാരം വാങ്ങിയിട്ടുണ്ടോയെന്ന് കോടതിയെ അറിയിക്കണം