സ്വതന്ത്രൻ പിന്തുണ നൽകി,​ ആലപ്പുഴ നഗരസഭ യു.ഡി.എഫിന്

Tuesday 23 December 2025 3:12 AM IST

ആലപ്പുഴ: ആലപ്പുഴ നഗരസഭ യു.ഡി.എഫ്​​ ഭരിക്കും. മംഗലം വാർഡിൽ നിന്ന്​ വിജയിച്ച സ്വത​​​ന്ത്രൻ ജോസ്​ ചെല്ലപ്പൻ ഉപാധികളോടെ പിന്തുണച്ചതോടെയാണ്​ നാളുകളായുള്ള അനിശ്ചിതത്വത്തിനൊടുവിൽ നഗരസഭാഭരണം യു.ഡി.എഫ് ഉറപ്പിച്ചത്. മുൻ നഗരസഭാദ്ധ്യക്ഷൻ തോമസ് ജോസഫ്, ജോസ് ചെല്ലപ്പനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. 53 അംഗ നഗരസഭയിൽ യു.ഡി.എഫ്​ 23, എൽ.ഡി.എഫ് 22, ബി.ജെ.പി 5, സ്വതന്ത്രൻ 1, എസ്.ഡി.പി.ഐ 1, പി.ഡി.പി 1 എന്നിങ്ങനെയാണ് കക്ഷിനില. ആർക്കും കേവലഭൂരിപക്ഷമില്ലാത്തതിനാൽ സ്വതന്ത്രന്റെ നിലപാട്​ നിർണായകമായിരുന്നു. താൻ മുന്നോട്ടുവച്ച വികസന രേഖ അംഗീകരിക്കാമെന്ന് യു.ഡി.എഫ് ഉറപ്പുനൽകിയെന്നും, ഉപാധികളോടെയാണ് പിന്തുണയെന്നും ജോസ് ചെല്ലപ്പൻ പറഞ്ഞു. 26ന്​ നടക്കുന്ന അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ അനുകൂലമായി വോട്ടുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.