മ്യൂറൽ പെയിന്റിംഗിൽ വർണവിസ്മയം തീർത്ത് മ്യൂസിക് ടീച്ചർ
കൊല്ലം: മ്യൂറൽ പെയിന്റിംഗിൽ വർണ വിസ്മയം തീർക്കുന്ന തിരക്കിലാണ് സംഗീത അദ്ധ്യാപിക കലാമണ്ഡലം അനു ശ്രീഹരി. റേഡിയോ അവതാരക കൂടിയായ അനുവിന് സംഗീതവും ചിത്രകലയും ഒരേ നൂലിൽ കോർത്ത മുത്തുമണികളാണ്. സംസ്ഥാന സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പും നേടിയിട്ടുണ്ട്.
വെളിയം കോയിപ്പറമ്പ് ശ്രീമംഗലത്ത് വീട്ടിൽ അനുവിനെ സംഗീതം പഠിപ്പിച്ചത് കെ.പി.എ.സി രവിയാണ്. പിന്നീട് കലാമണ്ഡലത്തിൽ നിന്ന് ശാസ്ത്രീയ സംഗീതത്തിൽ ബി.എയും കാലടി ശ്രീശങ്കരാചാര്യ കോളേജിൽ നിന്ന് എം.എയും നേടി. കോട്ടയം ചിറക്കടവാണ് സ്വദേശം. ചിത്രം വരയ്ക്കുമായിരുന്നെങ്കിലും ചിത്രരചന ശാസ്ത്രീയമായി വശത്താക്കിയിരുന്നില്ല. ഭർത്താവ്:ശ്രീഹരി. കസ്തൂരിമഞ്ഞൾ,കൂവ തുടങ്ങിയവ വീട്ടിൽ കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്ന സംരംഭങ്ങളിൽ സജീവമാണ് ശ്രീഹരി.
പുരാണ കഥാപാത്രങ്ങൾ
പാലാഴി മഥനം,ശ്രീരാമ പട്ടാഭിഷേകം,രാധാകൃഷ്ണന്മാർ,ഗണപതിയുടെ വിവിധ ഭാവങ്ങൾ എന്നിവയുടെ ചിത്രങ്ങൾ ശ്രദ്ധേയമായി. നൂറനാട് വത്സല ജയചന്ദ്രനാണ് പ്രഥമ ഗുരുനാഥ. സാത്വിക്ക് മ്യൂറൽസ് ആൻഡ് ക്രാഫ്റ്റ്സ് എന്ന പേരിൽ എഫ്.ബി പേജുമുണ്ട്. ഇതിഹാസ കഥാപാത്രങ്ങളുടെ പെയിന്റിംഗുകൾക്ക് ഇതര മതവിഭാഗത്തിൽ നിന്നുപോലും ആവശ്യക്കാരേറെയാണ്. നേരിട്ടും ഓൺലൈനായും പെയിന്റിംഗുകൾ വില്പന നടത്തുന്നു.
കല എന്നത് മത്സരമല്ല, യാത്രയാണെന്നാണ് വിശ്വാസം. തുടർച്ചയായ പഠനവും സ്വയം മെച്ചപ്പെടുത്തലുമാണ് കലാജീവിതത്തിന്റെ ശക്തി
-അനു