പത്തുപറയിൽ ഇന്ന് എലിഫെന്റ് ഡ്രൈവ്
Tuesday 23 December 2025 1:31 AM IST
പുനലൂർ: നഗരസഭയിലെ വിളക്കുവെട്ടം വാർഡിൽ ഉൾപ്പെട്ട പത്തുപറ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 7.30 മുതൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ 'എലിഫെന്റ് ഡ്രൈവ്' നടത്തും. പ്രദേശത്തെ കാട്ടാന ശല്യം കൗൺസിലറും നാട്ടുകാരും പി.എസ്.സുപാൽ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് അദ്ദേഹം സ്ഥലം സന്ദർശിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ, പുനലൂർ ആർ.ഡി.ഒ, കൗൺസിലർ, പൊതുപ്രവർത്തകർ എന്നിവർക്കൊപ്പമാണ് എം.എൽ.എ പത്തുപറയിൽ എത്തിയത്. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി ഫെൻസിംഗ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ അടിയന്തരമായി ഏർപ്പെടുത്താൻ എം.എൽ.എ ഡി.എഫ്.ഒയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനായി വനംവകുപ്പ് കഴിഞ്ഞ ദിവസം എസ്റ്റിമേറ്റ് തയ്യാറാക്കി.