ദേശീയപാത 66 വികസനം: വേട്ടുതറയിലും പുത്തൻതെരുവിലും അടിപ്പാത നിർമ്മാണം

Tuesday 23 December 2025 1:32 AM IST

കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കാവനാട്- കൊറ്റുകുളങ്ങര റീച്ചിൽ ചവറ വേട്ടുതറയിൽ വാഹനങ്ങൾക്കുള്ള അടിപ്പാതയും കുലശേഖരപുരം പുത്തൻതെരുവിൽ കാൽനടയ്ക്കുള്ള അടിപ്പാതയും നിർമ്മിക്കാനുള്ള നടപടി എൻ.എച്ച്.എ.ഐ തുടങ്ങി.

ഈ റീച്ചിലെ നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിയെ തന്നെ ഏൽപ്പിച്ചാൽ സമയം നീട്ടി ആവശ്യപ്പെടാനുള്ള സാദ്ധ്യതയുള്ളതിനാൽ രണ്ട് അടിപ്പാതകളുടെയും നിർമ്മാണം പ്രത്യേകം കരാർ നൽകും. ചവറയിൽ നീണ്ടകര പാലത്തിനോട് ചേർന്നുള്ള ചെറിയ അടിപ്പാത കഴിഞ്ഞാൽ മൂന്ന് കിലോ അകലെ പുത്തൻതുറയിലാണ് അടിപ്പാത. എന്നാൽ ശാസ്താംകോട്ട ഭാഗത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്ന വേട്ടുതറയിൽ അടിപ്പാത ആദ്യ രൂപരേഖയിൽ ഇല്ലായിരുന്നു.

കുലശേഖരപുരത്ത് വവ്വാക്കാവിലും മൂന്ന് കിലോ മീറ്റർ അകലെ പുതിയകാവിലുമാണ് അടിപ്പാതയുള്ളത്. പുത്തൻതെരുവ് ജമാഅത്ത് പള്ളിയും കബർസ്ഥാനും ദേശീയപാതയുടെ കിഴക്ക് വശത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ വിശ്വാസികളിൽ ഭൂരിഭാഗവും മറുവശത്താണ്. മയ്യത്ത് ചുമലിലേറ്റി കൊണ്ടുവരണമെന്നാണ് വിശ്വാസം. പുത്തൻതെരുവിൽ അടിപ്പാത ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളം ചുറ്റേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമായാണ് പുത്തൻതെരുവിൽ കാൽനട അടിപ്പാത നിർമ്മിക്കുന്നത്.

കാവനാട്- കൊറ്റുകുളങ്ങര റീച്ചിൽ നിർമ്മാണം നിലവിൽ 71 ശതമാനമായി. മാർച്ചിൽ പൂർത്തിയാക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പൂർത്തീകരണം സെപ്തംബറിലേക്ക് നീളുമെന്നാണ് സൂചന. 1580 കോടിയാണ് ആകെ നിർമ്മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്.

വേട്ടുതറ അടിപ്പാത

നീളം-20 മീറ്റർ

ഉയരം-5 മീറ്റർ

പുത്തൻതെരുവ് അടിപ്പാത നീളം-5 മീറ്റർ

ഉയരം- 3 മീറ്റർ

എസ്റ്റിമേറ്റ് ചെലവ് ₹ 34. 63 കോടി

നിർമ്മാണ കാലാവധി-4 മാസം പരിപാലനം-60 മാസം

ഉയരപ്പാത പരിശോധന

30 മുതൽ

മൈലക്കാട് ഉയരപ്പാത തകർന്നതിന് പിന്നാലെ എൻ.എച്ച്.എ.ഐ പ്രഖ്യാപിച്ച പരിശോധന ഈമാസം 30ന് ആരംഭിക്കും. കൂടുതൽ ഉയരത്തിൽ ആർ.ഇ വാൾ നിർമ്മിച്ചിട്ടുള്ള സ്ഥലങ്ങളിലും ഓരങ്ങളിൽ വയലും ചതുപ്പുമുള്ള സ്ഥലങ്ങളിലുമാകും പരിശോധന.