ശമ്പളമില്ല, സ്പോർട്സ് കൗൺസിൽ ജീവനക്കാർക്ക് കണ്ണീർ ക്രിസ്‌മസ്

Tuesday 23 December 2025 4:14 AM IST

തിരുവനന്തപുരം: മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് മാസാദ്യം ശമ്പളം ലഭിച്ചെങ്കിലും സംസ്ഥാന സ്പോർട്സ് കൗൺസിലിലെ ജീവനക്കാർക്ക് ക്രിസ്മസ് കാലത്ത് പട്ടിണി. കൗൺസിലിലെ സ്ഥിരം ജീവനക്കാർക്ക് നവംബറിലെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. കരാർ- താത്കാലിക ജീവനക്കാർക്ക് ഒക്ടോബർ, നവംബർ മാസങ്ങളിലെ ശമ്പളം ലഭിച്ചിട്ടില്ല.

ശമ്പളം നൽകാനുള്ള ഫണ്ട് സർക്കാരിൽ നിന്ന് ലഭിച്ചെങ്കിലും ബില്ലിൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഒപ്പിടാത്തതാണ് വൈകലിന് കാരണമെന്ന് ജീവനക്കാർ പറയുന്നു. വ്യവസായ വകുപ്പ് ഡയറക്ടറുടേയും സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറുടേയും കൂടി ചുമതലയുള്ള സെക്രട്ടറി കൗൺസിൽ ജീവനക്കാരുടെ കാര്യങ്ങൾക്ക് വില കൽപ്പിക്കാറില്ലെന്നും ജീവനക്കാർക്ക് പരാതിയുണ്ട്.കൗൺസിൽ ജീവനക്കാർക്ക് മറ്റുള്ളവരെപ്പോലെ മാസാദ്യം ശമ്പളം ലഭിച്ചിട്ട് നാലുവർത്തിലേറെയായി.സ്ഥാപനത്തിൽ ശമ്പള പരിഷ്കരണവും നടപ്പിലാക്കിയിട്ടില്ല.