ആർക്കും വേണ്ടാതെ കിടക്കുന്നത് കോടിക്കണക്കിന് രൂപ, രേഖകൾ തെളിയിച്ചാൽ സ്വന്തമാക്കാം

Tuesday 23 December 2025 4:53 AM IST

കോഴിക്കോട്: ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപം 121.74 കോടി രൂപ. 4.89 ലക്ഷം അക്കൗണ്ടുകളിലായാണ് ഇവയുള്ളത്. പത്ത് വർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണിവ. ഇത്തരം അക്കൗണ്ടുകൾ അവകാശികളില്ലാത്തതായി കണക്കാക്കും.

ഇത്തരം നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമയ്ക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ക്യാമ്പ് 29ന് രാവിലെ 10 മുതൽ കോഴിക്കോട് കല്ലായി റോഡ് കേരള ബാങ്ക് റീജണൽ ഓഫീസ് ഹാളിൽ നടക്കും. പരിപാടിയിൽ ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ, മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, ഫിനാൻഷ്യൽ ലിറ്ററസി സെന്ററുകൾ എന്നിവയുടെ സഹായ കൗണ്ടറുകളുമുണ്ടാകും. അവകാശികളാണെന്ന് ബോദ്ധ്യമായാൽ തുക തിരികെ ലഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകും. തുടർനടപടികൾക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും. നിക്ഷേപത്തിന്റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം ക്യാമ്പിലെത്തണം. കൂടുതൽ വിവരങ്ങൾക്ക് 8547860327 നമ്പറിൽ ബന്ധപ്പെടാം.