തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്രയ്ക്ക് തുടക്കം; മണ്ഡലപൂജ 27ന്

Tuesday 23 December 2025 7:41 AM IST

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറമുള്ള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 26ന് ഉച്ചയ്ക്ക് രഥഘോഷയാത്ര പമ്പയിലെത്തിച്ചേരും. ഇവിടെ നിന്ന് പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്ക അങ്കി ആഘോഷ പൂർവം ഗുരുസ്വാമിമാർ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴി സന്നിധാനത്ത് എത്തിക്കും.

വൈകിട്ട് 6.30ന് അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും. അന്നേദിവസം രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി കുറിക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും ശബരിമലനട തുറക്കും. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ 1973ൽ സമർപ്പിച്ചതാണ് 420 പവൻ തൂക്കമുള്ള തങ്ക അങ്കി.