നടിയെ ആക്രമിച്ച കേസ്; ഡിജിപി ശുപാർശ അംഗീകരിച്ചു, അപ്പീൽ നൽകാൻ സർക്കാർ അനുമതി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ അനുമതി നൽകി സർക്കാർ. അപ്പീൽ സംബന്ധിച്ച ഡിജിപിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. ഇന്നലെ തന്നെ അനുമതി നൽകിയെന്നാണ് വിവരം. ക്രിസ്‌മസ് അവധിക്ക് ശേഷം ഹെെക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം.
യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. കേസിലെ പ്രതികളായ ചാർലി, ദിലീപ്, സുഹൃത്ത് ശരത്ത് എന്നിവരെ വെറുതേവിട്ടു. ദിലീപിനെതിരെ ഗൂഢാലോചനയ്‌ക്കും തെളിവ് നശിപ്പിക്കലിനും തെളിവിലെന്ന് കോടതി പറഞ്ഞത്. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകുന്നത്.
ദിലീപുൾപ്പെടെ കേസിൽ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. പൾസർ സുനി ഒന്നാംപ്രതി. മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ്, ചാർളി തോമസ് എന്നിവരാണ് രണ്ടു മുതൽ ഏഴു വരെയുള്ള പ്രതികൾ. നടൻ ദിലീപ് എട്ടാം പ്രതിയും സനിൽകുമാർ (മേസ്തിരി സനിൽ) ഒമ്പതാം പ്രതിയുമായിരുന്നു.
ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, അന്യായ തടങ്കൽ, തെളിവുനശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. തെളിവുനശിപ്പിക്കലിന് കൂട്ടുനിന്ന ദിലീപിന്റെ സുഹൃത്ത് ജി ശരത്ത് പത്താം പ്രതിയാണ്. 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.