സ്വർണക്കൊള്ളയിൽ കൂടുതൽ  വിവരങ്ങൾ  പുറത്ത്;​ ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിൽ

Tuesday 23 December 2025 8:30 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിലാണെന്നും ഇടനില നിന്നാണ് തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തി. സ്വർണ വ്യാപാരി ഗോവർദ്ധൻ,​ ഉണ്ണികൃഷ്ണൻ പോറ്റി വഴി നൽകിയത് ഒന്നരകോടി രൂപയാണ്.

ചെന്നെെ,​ ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ വ്യാപാരികളും പോറ്റി വഴി ബോർഡിന് പണം നൽകിയിരുന്നു. വ്യവസായികൾ നൽകിയ പണം ഉണ്ണികൃഷ്ണൻ പോറ്റി വകമാറ്റി ചെവഴിച്ചു. ഈ പണം പലിശയ്ക്ക് നൽകിയാണ് പോറ്റി പണക്കാരനായതെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള 'ഡി മണി' എന്ന സംഘവും തിരുവനന്തപുരത്ത് എത്തിയിരുന്നു. വിഗ്രഹ തട്ടിപ്പിനാണ് സംഘമെത്തിയത്. ഒരു വാഹനം നിറയെ പണവുമായാണ് ഈ സംഘം എത്തിയതെന്നും ഒരു കേന്ദ്രത്തിൽ പൊതിഞ്ഞുവച്ച നിലയിൽ വിഗ്രഹം കണ്ടുവെന്നും വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി.

അതേസമയം,​ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയ ശേഷം ബാക്കിവന്ന 474 ഗ്രാം സ്വർണത്തിന് പകരമായി 9,99,995 രൂപ അഞ്ച് ഡിമാൻഡ് ഡ്രാഫ്‌റ്റുകളായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയെന്ന് ബെല്ലാരിയിലെ റോഥം ജുവല്ലറി ഉടമ ഗോവർദ്ധൻ ഹൈക്കോടതിയിൽ വെളിപ്പെടുത്തി.

ദേവസ്വം ബോർഡിന്റെ അന്നദാന ട്രസ്റ്റിലേക്ക് ഈ തുക കൈമാറിയെന്നാണ് ഗോവർദ്ധൻ കോടതിയെ അറിയിച്ചത്. പണം നൽകിയതിന്റെ രേഖകൾ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിന് പുറമേ ശബരിമല അയ്യപ്പ സ്വാമിക്ക് ഏകദേശം 2,73,000 രൂപ വിലമതിക്കുന്ന ഒരു സ്വർണമാലയും താൻ നിർമിച്ച് നൽകിയിട്ടുണ്ടെന്ന് ഗോവർദ്ധൻ പറഞ്ഞു. ഈ മാലയ്‌ക്കായി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ 43,000 രൂപ മുടക്കി ഇൻഷുറൻസ് എടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.