ലക്ഷം തൊട്ട് സ്വർണവില, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന് 1,01,600 രൂപ
തിരുവനന്തപുരം: ആഭരണപ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണ വില ഒരു ലക്ഷം രൂപ കടന്നു. ഏറ്റവും പുതിയ വിലവിവരം പുറത്തുവരുമ്പോൾ ഒരു പവൻ സ്വർണത്തിന് 1,01,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപ നൽകണം. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം കൂടിയത് 1760 രൂപയാണ്. സ്വർണ വിലയിൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു മുന്നേറ്റമുണ്ടാകുന്നത്. രാജ്യാന്തര വിലയിലെ റെക്കാർഡിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വില വർദ്ധിച്ചത്. ജി.എസ്.ടിയും പണിക്കൂലിയും അടക്കം ഒരു പവൻ സ്വർണം വാങ്ങുമ്പോൾ വലിയ വില നൽകേണ്ടിവരും.
18 കാരറ്റ് സ്വർണത്തിന്റെ വില 200 രൂപ വർദ്ധിച്ച് 10,525 രൂപയായി. ഇതോടൊപ്പം വെള്ളി വിലയിലും വർദ്ധനവുണ്ടായി. ഗ്രാമിന് രണ്ട് രൂപ ഉയർന്ന് 220 രൂപയായി. ആഗോളതലത്തിലെ വിവിധ സാഹചര്യങ്ങളാൽ സുരക്ഷിതനിക്ഷേപമെന്ന നിലയിൽ നക്ഷേപകർ കരുതുന്നതാണ് സ്വർണത്തിന് കരുത്തേകുന്നത്. സംഘർഷഭരിതമായ ആഗോള സാഹചര്യത്തിൽ ഡോളറിന് ആകർഷകമായ ബദലാണ് സ്വർണം. യു.എസ് ഡോളർ സംഭരിക്കുന്നതിൽ നിന്ന് മാറി കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും സ്വർണത്തിന് മേൽക്കൈ നൽകുന്നുണ്ട്.
ആഭ്യന്തര വിപണിയിൽ ആഭരണങ്ങളുടെ ഡിമാൻഡിൽ ചെറിയ ഇടിവുണ്ടെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകൾ താത്പര്യം കാട്ടുന്നുണ്ട്. ഉത്സവകാല ആഭരണം എന്നതിലുപരി സാമ്പത്തിക ആസ്തിയാണെന്ന തിരിച്ചറിവിൽ സ്വർണനാണയങ്ങളും സ്വർണക്കട്ടികളും ഇ.ടി.എഫുകളും നിക്ഷേപകർ വാങ്ങുന്നുണ്ട്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം, അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കുറച്ചത്, ഓഹരി വിപണിയിലെ അസ്ഥിരത തുടങ്ങിയവയും സ്വർണവില കൂടാൻ കാരണമാകുന്നുണ്ട്.