കേരളത്തിലെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോഗബാധ, അടിയന്തര നടപടിക്ക് നിർദേശം
Tuesday 23 December 2025 10:39 AM IST
ആലപ്പുഴ: കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കോട്ടയത്ത് മൂന്ന് വാർഡുകളിലും രോഗബാധയുണ്ട്. ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ.
നെടുമുടിയിൽ കോഴികൾക്കും മറ്റ് സ്ഥലങ്ങളിൽ താറാവിനും രോഗബാധയുണ്ട്. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്‌ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കാട, കോഴി എന്നിവയ്‌ക്കാണ് കോട്ടയത്ത് രോഗബാധയുള്ളത്. പരിശോധനാഫലം മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി.