പ്രത്യക്ഷ ദൈവങ്ങൾ! നടുറോഡിൽ അടിയന്തര ശസ്‌ത്രക്രിയ; ബ്ലേയ്ഡും സ്‌ട്രോയും ഉപയോഗിച്ച് യുവാവിന്റെ ജീവൻ രക്ഷിച്ച് ഡോക്‌ടർമാർ
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് നടുറോഡിൽ അടിയന്തര ശസ്‌ത്രക്രിയ നടത്തി മൂന്നു ഡോക്ടർമാർ. എറണാകുളം ജില്ലയിലെ തെക്കൻ പറവൂറിലാണ് സംഭവം. ഡോ. മനൂപ്, ഡോ. തോമസ് പീറ്റർ അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയ എന്നിവരാണ് ശസ്‌ത്രക്രിയ നടത്തിയത്. കൊല്ലം സ്വദേശി ലിനുവാണ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്. അപകടത്തിലുണ്ടായ പരിക്കിനെ തുടർന്ന് ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടതിനാലാണ് ഇയാൾക്ക് അടിയന്തര ശസ്‌ത്രക്രിയ നൽകാൻ ഡോക്‌ടർമാർ തീരുമാനിച്ചത്. ആവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ബ്ലേയ്ഡും പേപ്പർ സ്‌ട്രോയും ഉപയോഗിച്ചാണ് ശസ്‌ത്രക്രിയ നടത്തിയത്.
ആശുപത്രി ഡ്യൂട്ടിക്ക് ശേഷം ക്രിസ്‌മസ് ആഘോഷിക്കാനായി തെക്കൻ പറവൂരിലെ സെയ്‌ന്റ് ജോൺസ് ദി ബാപ്‌റ്റിപസ് പള്ളിയിലേക്ക് പോകുകയായിരുന്നു ഡോക്‌ടർ തോമസ് പീറ്ററും ഭാര്യ ദിദിയയും. പള്ളിയിലെത്തുന്നതിന് കുറച്ച് മുൻപായി അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന യുവാക്കളെ കാണാൻ ഇടയായി. അതിലൊരാൾ ഗുരുതര പരിക്കുകളില്ലാതെ എഴുന്നേറ്റ് നിൽക്കുന്നുണ്ടായിരുന്നു. മറ്റൊരാളുടെ വായിൽ നിന്ന് രക്തം വരുന്നുണ്ടെങ്കിലും അയാൾ സംസാരിക്കുന്നുണ്ടായിരുന്നു.
എന്നാൽ മൂന്നാമനായ ലിനുവിന്റെ അവസ്ഥ ഗുരുതരമായിരുന്നു. മുഖത്തും മറ്റും പരിക്കേറ്റ് രക്തം വാർന്നുപോകുന്നുണ്ടായിരുന്നു. അയാളുടെ കഴുത്ത് ഒരാൾ പ്രത്യേക രീതിയിൽ പിടിച്ചിരിക്കുന്നത് മാത്യുവും ദിദിയയും ശ്രദ്ധിച്ചു. പരിചരിക്കുന്ന രീതിയിൽ നിന്ന് അതൊരു ഡോക്‌ടറാണെന്ന് ഇരുവർക്കും മനസിലായി. ആശുപത്രിയിൽ എത്തുന്നതുവരെ യുവാവിന്റെ ജീവൻ നിലനിൽക്കില്ലെന്ന് മനസിലായതിനാൽ മൂന്ന് ഡോക്‌ടർമാരും ചേർന്ന് റോഡരികിൽ തന്നെ ശസ്‌ത്രക്രിയ നടത്തുകയായിരുന്നു.
നാട്ടുകാരാണ് പേപ്പർ സ്‌ട്രോയും ബ്ലേയ്‌ഡും സംഘടിപ്പിച്ച് നൽകിയത്. ഗ്ലൗസ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. രക്തത്തിൽ നനഞ്ഞ് പേപ്പർ സ്‌ട്രോ കുതിരാൻ തുടങ്ങിയതിനെ തുടർന്ന് ഫ്രൂട്ടിയുടെ സ്‌ട്രോ ഉപയോഗിച്ചു. ശസ്‌ത്രക്രിയയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തരുതെന്ന് ഡോക്‌ടർമാർ നിർദേശം നൽകിയിരുന്നു. നാട്ടുകാർ ഇതിനോട് സഹകരിച്ചു. പൊലീസ് ഉദ്യോഗസ്ഥരും ഇവർക്ക് ആത്മവിശ്വാസം നൽകി.
ആംബുലൻസ് എത്തിയപ്പോഴേക്കും ലിനു ശ്വസിക്കാൻ തുടങ്ങിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ലിനുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും വരെ ഡോ. മനൂപ് സ്‌ട്രോയിലൂടെ ശ്വാസം നൽകി കൊണ്ടിരുന്നു. എറണാകുളം വെൽകെയർ ആശുപത്രയിലെ ചികിത്സയിൽ തുടരുകയാണ് ലിനു.