ആഷസിലെ ഇംഗ്ലണ്ടിന്റെ തകർച്ച: ബെന്‍ സ്റ്റോക്‌സിനെയും കൂട്ടരെയും പരിഹസിച്ച് രോഹിത് ശര്‍മ്മ

Tuesday 23 December 2025 11:11 AM IST

ഗുരുഗ്രാം: ഓസ്‌ട്രേലിയയിൽ നടക്കുന്ന ആഷസ് പരമ്പരയിൽ ഇംഗ്ലീഷ് പട തകർന്നടിയുമ്പോൾ ടീമിനെ പരിഹസിച്ച് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ്‌ രോഹിത് ഇംഗ്ലണ്ടിന്റെ കഷ്ടപ്പാടുകൾ ചൂണ്ടിക്കാട്ടിയത്. ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നാണ് രോഹിത് പറയുന്നത്. താരത്തിന്റെ പരാമർശം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

'ഓസ്‌ട്രേലിയയിൽ കളിക്കുക ഏറ്റവും പ്രയാസമേറിയ കാര്യം, അതിനെക്കുറിച്ച്‌ ഇംഗ്ലണ്ടിനോട്‌ ചോദിച്ചാൽ മതി.'രോഹിത് പറഞ്ഞു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും തോറ്റതോടെ ഇംഗ്ലണ്ടിന് ആഷസ് കിരീടം തിരിച്ചുപിടിക്കാനുള്ള അവസരമാണ് നഷ്ടമായത്.

പരമ്പരയിൽ ആധിപത്യം പുലർത്തിയ ഓസീസിനോട് മുട്ടുമടക്കുകയായിരുന്നു ബെൻ സ്റ്റോക്സും സംഘവും. പെർത്തിലും ബ്രിസ്‌ബേനിലും നടന്ന മത്സരങ്ങളിൽ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട്‌ തോൽവി ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡിൽ നടന്ന മൂന്നാം ടെസ്റ്റിലും 82 റൺസിനാണ് ഇംഗ്ലണ്ട്‌ പരാജയപ്പെട്ടത്. ഇതോടെ 2006-07, 2013-14 വർഷങ്ങൾക്ക് സമാനമായി 5-0 എന്ന് മറ്റൊരു വൈറ്റ്‌‌വാഷ് ഒഴിവാക്കുക എന്നതാകും ഇംഗ്ലണ്ടിന്റെ അടുത്ത നീക്കം.

പരമ്പര കൈവിട്ടതോടെ ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകൻ ബ്രണ്ടൻ മെക്കല്ലത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ക്രിക്കറ്റ് ആരാധകരിൽ നിന്ന് ഉയരുന്നത്. ചില മുൻ താരങ്ങൾ മെക്കല്ലം പരിശീലക കുപ്പായം അഴിച്ചുവയ്ക്കാൻ പോലും ആവശ്യപ്പെട്ടു.

'വലിയ പ്രതീക്ഷകളോടെയാണ് ഞങ്ങൾ വന്നത്, എന്നാൽ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു. ഓസ്‌ട്രേലിയ തങ്ങളുടെ നാട്ടിൽ അതിശക്തരാണ്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ആവശ്യമായ മികവ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല.' ടീമിന്റെ തോൽവിക്ക് പിന്നാലെ ടിഎൻടി സ്പോർട്സിനോട് സംസാരിക്കവെ മെക്കല്ലം പറഞ്ഞു.