ബാറുകളിൽ നിന്ന് പണപ്പിരിവ്; എക്‌സൈസ് ഇൻസ്‌പെക്‌ടർ പണവുമായി പിടിയിൽ
Tuesday 23 December 2025 12:07 PM IST
പുതുക്കാട്: മാസപ്പടിയായി ലഭിച്ച പണവുമായി എക്‌സൈസ് ഇൻസ്‌പെക്‌ടർ വിജിലൻസിന്റെ പിടിയിൽ. ചാലക്കുടി റേഞ്ച് ഇൻസ്‌പെക്‌ടർ സി.യു. ഹരീഷ് ആണ് പാലിയേക്കരയിൽ പിടിയിലായത്. ബാറുടമകളിൽ നിന്നും കോൺട്രാക്‌ടർമാരിൽ നിന്നും മാസപ്പടിയായി ലഭിച്ച 36000 രൂപയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. വിജിലൻസിനെ കണ്ടയുടൻ പണം കാറിനു പുറത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും അന്വേഷണസംഘം പിടികൂടുകയായിരുന്നു.
ബാർ, കള്ളുഷാപ്പ് ഉടമകളിൽ നിന്നും ഇൻസ്‌പെക്‌ടർ മാസപ്പടി കൈപ്പറ്റാറുണ്ടെന്നും വീട്ടിലേക്ക് പോകുന്ന ദിവസമാണ് പണം വാങ്ങാറുള്ളതെന്നും വിജിലൻസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ആറുമണിയോടെ ഹരീഷ് സഞ്ചരിച്ച വാഹനം പാലിയേക്കര ടോൾ പ്ലാസയ്‌ക്കു സമീപം വിജിലൻസ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു.