ശബരിമല സ്വർണക്കൊള്ള; കേസ് ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറിയിച്ചു. കേരള ഹെെക്കോടതിയെ ഇക്കാര്യം അറിയിക്കും. നിലവിൽ സംസ്ഥാന പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ അറിയിച്ചിരിക്കുന്നത്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിലാണെന്നും ഇടനില നിന്നാണ് തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വർണ വ്യാപാരി ഗോവർദ്ധൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് ഒന്നരകോടി രൂപയാണ്.
ചെന്നെെ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വ്യാപാരികളും പോറ്റി വഴി ബോർഡിന് പണം നൽകിയിരുന്നു. വ്യവസായികൾ നൽകിയ പണം ഉണ്ണികൃഷ്ണൻ പോറ്റി വകമാറ്റി ചെവഴിച്ചു. ഈ പണം പലിശയ്ക്ക് നൽകിയാണ് പോറ്റി പണക്കാരനായതെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള 'ഡി മണി' എന്ന സംഘവും തിരുവനന്തപുരത്ത് എത്തിയിരുന്നു. വിഗ്രഹ തട്ടിപ്പിനാണ് സംഘമെത്തിയത്. ഒരു വാഹനം നിറയെ പണവുമായാണ് ഈ സംഘം എത്തിയതെന്നും ഒരു കേന്ദ്രത്തിൽ പൊതിഞ്ഞുവച്ച നിലയിൽ വിഗ്രഹം കണ്ടുവെന്നും വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.