രാത്രിയിൽ ശബ്‌ദം കേട്ട് പുറത്തിറങ്ങി; വയോധികയുടെ മുഖത്തും ശരീരത്തും മുളകുപൊടി വിതറി സ്വർണാഭരണം കവർന്നു

Tuesday 23 December 2025 2:00 PM IST

മലപ്പുറം: വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണാഭരണം കവർന്ന് മുഖംമൂടി സംഘം. അമ്പലപ്പാടി ബൈപ്പാസിലെ വീട്ടിൽ തനിച്ച് താമസിക്കുന്ന ചന്ദ്രമതിയുടെ (63) രണ്ടു പവന്റെ ആഭരണങ്ങളാണ് കവർന്നത്. മോഷ്‌ടാക്കളെ പ്രതിരോധിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ പരിക്കേറ്റ ചന്ദ്രമതി ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

വീടിന് പുറത്തു നിന്നും വലിയ ശബ്ദം കേട്ടാണ് ചന്ദ്രമതി പുറത്തിറങ്ങിയത്. കുടിവെള്ള ടാങ്കിന് മുകളിൽ തേങ്ങ വീണതാകുമെന്നാണ് കരുതിയത്. അടുക്കള വശത്തെ ലൈറ്റിട്ട് പുറത്തിറങ്ങിയ ഉടൻ തന്നെ രണ്ടു പേർ ചേർന്ന് ചന്ദ്രമതിയുടെ മുഖത്തും ശരീരത്തിലും മുളകുപൊടി വിതറി. മറ്റൊരാൾ വായ പൊത്തിപിടിച്ചു. ഒരാൾ കൈയിലെ വളകൾ ഊരിയെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ പ്ലയർ ഉപയോഗിച്ച് മുറിച്ചെടുത്തു. ഇതിനിടയിൽ വയോധികയെ നിലത്തേക്ക് തള്ളി വീഴ്‌ത്തിയ ശേഷം മോഷ്‌ടാക്കൾ അവിടെ നിന്നും കടന്നു കളഞ്ഞു.

നിലത്ത് വീണു കിടന്ന ചന്ദ്രമതി ബഹളം വച്ചതോടെ സമീപത്തെ വീടുകളിൽ താമസിക്കുന്ന ബന്ധുക്കൾ ഓടിയെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും മോഷ്‌ടാക്കളെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരേതനായ വിമുക്തഭടൻ പാലിക്കത്തോട്ടിൽ വിജയകുമാറിന്റെ ഭാര്യയാണ് ചന്ദ്രമതി.