ഏഴാംകടലും കടമ്പയല്ല; 12,800 കിലോമീറ്റർ താണ്ടി കൂട്ടുകാരനെ ഞെട്ടിച്ച് പ്രവാസി
പൂനെ: കിലോമീറ്ററുകൾ അകലെയാണെങ്കിലും ഉറ്റ സുഹൃത്തിനെ കാണാൻ തോന്നിയാൽ പിന്നെ ഏത് കടലും കടമ്പയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കയിൽ നിന്നുള്ള പ്രവാസി. 12,800 കിലോമീറ്റർ യാത്ര ചെയ്ത് നാട്ടിലെത്തി സുഹൃത്തിനെ ഞെട്ടിച്ച യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.
പ്രേഷിത് ഗുജാർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് കൗതുകകരമായ വീഡിയോ പങ്കുവച്ചത്. പൂനെയിലുള്ള തന്റെ പ്രിയ സുഹൃത്ത് സർവേഷ് വൈഭവിനെയാണ് പ്രേഷിത് സർപ്രൈസ് നൽകി ഞെട്ടിച്ചത്. വീഡിയോയുടെ തുടക്കത്തിൽ സർവേഷ് സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നത് കാണാം. ഈ സമയം മുഖംമൂടി ധരിച്ച ഒരാളെത്തി ഒന്നും മിണ്ടാതെ സർവേഷിന്റെടുത്ത് ഇരിക്കുന്നതും വീഡിയോയിൽ കാണാം.
തൊട്ടടുത്തിരിക്കുന്ന അപരിചിതന്റെ പെരുമാറ്റത്തിൽ സർവേഷ് ആദ്യം അസ്വസ്ഥനാകുന്നതും ദേഷ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ നിമിഷങ്ങൾക്കകം പ്രേഷിത് തന്റെ മുഖംമൂടി മാറ്റിയതോടെ സർവേഷ് ശരിക്കും ഞെട്ടിപ്പോയി. പിന്നെ കണ്ടത് നീണ്ട കാത്തിരിപ്പിന് ശേഷമുള്ള കെട്ടിപ്പിടുത്തമാണ്.
മറ്റ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സർപ്രൈസ് പ്ലാൻ ചെയ്തത്. വീഡിയോ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് സുഹൃത്തുക്കളുടെ സർപ്രൈസ് നിമിഷങ്ങൾ കണ്ടത്. പലരും കണ്ണുനിറയ്ക്കുന്ന കമന്റുകളാണ് കുറിച്ചത്. യഥാർത്ഥസൗഹൃങ്ങൾ ഇങ്ങനെയായിരിക്കുമെന്ന് ഒട്ടേറെ പേർ കമന്റ് ചെയ്തു.