ജനുവരി മുതൽ സർക്കാർ തിയേറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കില്ല, നിർണായക നീക്കവുമായി ഫിലിം ചേംബർ

Tuesday 23 December 2025 4:43 PM IST

കൊച്ചി: സർക്കാരുമായി സഹകരിക്കാൻ കഴിയില്ലെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. സർക്കാർ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിൽ ജനുവരി മുതൽ സിനിമകൾ നൽകേണ്ടതില്ലെന്നാണ് തീരുമാനം. ചേംബർ പ്രസിഡന്റ് അനിൽ തോമസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

സിനിമാ വ്യവസായത്തിൽ നിന്ന് കോടിക്കണക്കിന് രൂപ നികുതിയായി ഖജനാവിലേക്ക് എത്തുന്നുണ്ടെങ്കിലും, പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ തങ്ങളെ കൈവിടുകയാണെന്ന് ഫിലിം ചേംബർ ആരോപിച്ചു. അതിനാൽ കെഎസ്എഫ്ഡിസി തിയേറ്ററുകളെ പൂർണമായും ഒഴിവാക്കി സർക്കാരുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കാനാണ് ചേംബറിന്റെ നീക്കം. കഴിഞ്ഞ പത്ത് വർഷമായി സർക്കാരിന് മുന്നിൽ സമർപ്പിച്ച നിവേദനങ്ങളിൽ നടപടി ഉണ്ടാകാത്തതാണ് ചേംബറിനെ പ്രകോപിപ്പിച്ചത്.

നിലവിലെ തിയേറ്റർ ബഹിഷ്‌കരണം സൂചന മാത്രമാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സംഘടന സർക്കാരിന് മുന്നറിയിപ്പ് നൽകി. നിലവിലുള്ള ജി എസ് ടിക്ക് പുറമെ സർക്കാർ ഈടാക്കുന്ന അധിക വിനോദ നികുതി പിൻവലിക്കുകയും തിയേറ്ററുകൾക്ക് വൈദ്യുതി നിരക്കിൽ പ്രത്യേക ഇളവുകൾ അനുവദിക്കുകയും ചെയ്യണം.

ഇക്കാര്യങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്നും ചേംബർ അറിയിച്ചു. അതേസമയം സർക്കാർ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾക്ക് സിനിമ നൽകാതിരിക്കുന്നത് റിലീസുകളെയും കളക്ഷനെയും ബാധിക്കുമെന്ന ആശങ്കയാണ് മലയാള സിനിമ മേഖല ചർച്ചച്ചെയ്യുന്നത്