കേരളത്തിന് അഭിമാനം; നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർമാരെ അഭിനന്ദിച്ച് ഗവർണർ

Tuesday 23 December 2025 5:11 PM IST

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ നടുറോഡിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയ ഡോക്ട‌ർമാരെ അഭിനന്ദിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ഡോ. മനൂപ്, ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ എന്നിവരാണ് ശസ്‌ത്രക്രിയ നടത്തിയത്.

മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ചാണ് ഗവർണർ അഭിനന്ദിച്ചത്. ഡോക്ടർമാർ കേരളത്തിന് അഭിമാനമാണെന്ന് ഗവർണർ പറഞ്ഞു. ഒപ്പം ലോക്ഭവനിലേക്ക് ക്ഷണിക്കുകയും ചെയ്തു. കൊല്ലം സ്വദേശി ലിനുവിനെയാണ് ഡോക്‌ടർമാർ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയത്.

അപകടത്തിലുണ്ടായ പരിക്കിനെ തുടർന്ന് ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടതിനാലാണ് ഇയാൾക്ക് അടിയന്തര ശസ്‌ത്രക്രിയ നൽകാൻ ഡോക്‌ടർമാർ തീരുമാനിച്ചത്. ആവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ നാട്ടുകാർ സംഘടിപ്പിച്ചുനൽകിയ ബ്ലേയ്ഡും പേപ്പർ സ്‌ട്രോയും ഉപയോഗിച്ചാണ് ശസ്‌ത്രക്രിയ നടത്തിയത്.

ആശുപത്രി ഡ്യൂട്ടിക്ക് ശേഷം ക്രിസ്‌മസ് ആഘോഷിക്കാനായി തെക്കൻ പറവൂരിലെ സെയ്‌ന്റ് ജോൺസ് ദി ബാപ്‌റ്റിപസ് പള്ളിയിലേക്ക് പോകുകയായിരുന്നു ഡോക്‌ടർ തോമസ് പീറ്ററും ഭാര്യ ദിദിയയും. പള്ളിയിലെത്തുന്നതിന് കുറച്ച് മുൻപായി അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന യുവാക്കളെ കാണാൻ ഇടയായി. അതിലൊരാൾ ഗുരുതര പരിക്കുകളില്ലാതെ എഴുന്നേറ്റ് നിൽക്കുന്നുണ്ടായിരുന്നു. മറ്റൊരാളുടെ വായിൽ നിന്ന് രക്തം വരുന്നുണ്ടെങ്കിലും അയാൾ സംസാരിക്കുന്നുണ്ടായിരുന്നു.

എന്നാൽ മൂന്നാമനായ ലിനുവിന്റെ അവസ്ഥ ഗുരുതരമായിരുന്നു. മുഖത്തും മറ്റും പരിക്കേറ്റ് രക്തം വാർന്നുപോകുന്നുണ്ടായിരുന്നു. അയാളുടെ കഴുത്ത് ഒരാൾ പ്രത്യേക രീതിയിൽ പിടിച്ചിരിക്കുന്നത് മാത്യുവും ദിദിയയും ശ്രദ്ധിച്ചു. പരിചരിക്കുന്ന രീതിയിൽ നിന്ന് അതൊരു ഡോക്‌ടറാണെന്ന് ഇരുവർക്കും മനസിലായി. ആശുപത്രിയിൽ എത്തുന്നതുവരെ യുവാവിന്റെ ജീവൻ നിലനിൽക്കില്ലെന്ന് മനസിലായതിനാൽ മൂന്ന് ഡോക്‌ടർമാരും ചേർന്ന് റോഡരികിൽ തന്നെ ശസ്‌ത്രക്രിയ നടത്തുകയായിരുന്നു. മൊബൈൽ വെളിച്ചത്തിലായിരുന്നു ശസ്ത്രക്രിയ.