ഹൃദയമാറ്റം: പ്രതീക്ഷയോടെ കാത്തിരിപ്പ്
സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ അതീവ ജാഗ്രത
കൊച്ചി: നേപ്പാൾ സ്വദേശിനിയായ 21കാരി ദുർഗ കാമിക്ക് മാറ്റിവച്ച ഹൃദയം തിങ്കളാഴ്ച രാത്രി തന്നെ മിടിച്ചുതുടങ്ങിയെങ്കിലും പ്രതീക്ഷയോടെയും പ്രാർത്ഥനകളോടെയും കാത്തിരിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയവരുമെല്ലാം. ശസ്ത്രക്രിയ പൂർത്തീകരിച്ചശേഷം 72 മണിക്കൂർ നിർണായകമാണ്.
ഹൃദയം ദുർഗയുടെ ശരീരത്തിൽ യോജിക്കുകയെന്നതാണ് പ്രധാനം. പുതുഹൃദയത്തെ പുറന്തള്ളാനുള്ള ശരീരത്തിന്റെ പ്രവണതയ്‌ക്കെതിരെ ആന്റി റിജക്ഷൻ മരുന്നുകൾ ഉൾപ്പെടെ നൽകുന്നുണ്ട്. ശസ്ത്രക്രിയ നടന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ അഞ്ചാംനില അതീവസുരക്ഷയിലാണ്. അധികമാർക്കും ഇങ്ങോട്ട് പ്രവേശനമില്ല. പ്രത്യേകം സെക്യൂരിറ്റിയെ നിയോഗിച്ചു. ആശുപത്രി ജീവനക്കാർ ഉൾപ്പെടെയുള്ളവർ സെക്യൂരിറ്റിയോട് ആവശ്യം അറിയിച്ചതിനു ശേഷം മാത്രം ഇങ്ങോട്ട് പ്രവേശിക്കാനാകൂ. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ലിഫ്റ്റുകളിലും സെക്യൂരിറ്റിമാരെ നിയോഗിച്ചിട്ടുണ്ട്.
അനുജൻ തിലക് കാമിയേപ്പോലും ദുർഗയെ പ്രവേശിപ്പിച്ചിരിക്കുന്ന ഐ.സി.യുവിലേക്ക് കയറ്റുന്നത് ഒരുതവണ മാത്രം. ഞായറാഴ്ച രാത്രി മുതൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് രാപകലില്ലാതെ ജോലിയിലേർപ്പെട്ട ടീം ലീഡ് ഡോ.ജോർജ് വാളൂരാനും സംഘവും ഇന്നലെ രാവിലെയാണ് താത്കാലികമായി ഡ്യൂട്ടിയിൽ നിന്നിറങ്ങിയത്. പിന്നാലെ, കാർഡിയോളജിസ്റ്റ് ഡോ.രാഹുൽ, അനസ്തറ്റിസ്റ്റ് ഡോ.റോഷ്‌ന എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരും നഴ്‌സുമാരും ചുമതലയേറ്റെടുത്തു.
ഹൃദയ ലഭ്യതയുടെ അറിയിപ്പ്------- ഞായറാഴ്ച രാത്രി
ഹൃദയമെടുക്കാൻ തിരുവനന്തപുരത്ത് ശസ്ത്രക്രിയ------- തിങ്കളാഴ്ച 11ന് ശേഷം
എയർ ആംബുലൻസ് -----------2ന് ശേഷം കൊച്ചിയിലേക്ക്
2.55ന് ഗ്രാൻഡ് ഹയാത്തിൽ
3ന് ഹൃദയം ജനറൽ ആശുപത്രിയിൽ
3.20 മുതൽ ശസ്ത്രക്രിയ