പണം കൈപ്പറ്റിയ ഉന്നതനാര്? 'നേരറിയാന്‍ സിബിഐ അന്വേഷണം അനിവാര്യം'

Tuesday 23 December 2025 6:50 PM IST

തിരുവനന്തപുരം: 2019-20 കാലയളവില്‍ ശബരിമലയില്‍ നടന്ന പഞ്ചലോഹ വിഗ്രഹക്കടത്തില്‍ പണം കൈപ്പറ്റിയ 'ഉന്നതന്‍' ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസികളോട് ചെയ്ത ഈ കൊടും വഞ്ചനയ്ക്ക് പിണറായി സര്‍ക്കാര്‍ മറുപടി പറയണം.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയമാണ്. 2019-20 കാലഘട്ടത്തില്‍ മാത്രം നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് അവിടെനിന്നും കടത്തപ്പെട്ടത്. ഇടത്-വലത് മുന്നണികളുടെ മാറിമാറിയുള്ള ഭരണത്തിന് കീഴില്‍, ക്ഷേത്രഭരണം സുതാര്യതയില്ലാത്തതും സുരക്ഷാ വീഴ്ചകള്‍ നിറഞ്ഞതുമായി മാറി.

അന്താരാഷ്ട്ര ബന്ധങ്ങളുള്ള വലിയ കള്ളക്കടത്ത് സംഘങ്ങളാണ് ഈ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.കേരള പൊലീസിന്റെ നിലവിലെ അന്വേഷണം കൊണ്ട് മാത്രം സത്യം പുറത്തുവരില്ലാത്തതിനാല്‍, ഈ വിഷയത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ (CBI) അന്വേഷണം അനിവാര്യമാണ്.

ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ ഈ കൊള്ളയ്ക്ക് കൂട്ടുനിന്ന മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.