കൊച്ചി മേയറായി വി കെ മിനിമോൾ, ദീപക് ജോയി ഡെപ്യൂട്ടി മേയറാകും

Tuesday 23 December 2025 7:02 PM IST

കൊച്ചി: കൊച്ചിയിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ പങ്കിടാൻ തീരുമാനം. ആദ്യ രണ്ടരവർഷം അഡ്വ. വി.കെ.മിനിമോളും തുടർന്ന് ഷൈനി മാത്യുവും മേയർമാരാകും. മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ ഒഴിവാക്കി. ലത്തീൻസഭ മേയർ സ്ഥാനത്തിനായി നിലപാട് കടുപ്പിച്ചതാണ് ദീപ്തിക്ക് തിരിച്ചടിയായത്. ഡെപ്യൂട്ടി മേയർ സ്ഥാനവും എ, ഐ ഗ്രൂപ്പുകൾ പങ്കിട്ടു. ആദ്യം ദീപക് ജോയിയും ശേഷം കെ.വി.പി.കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാകും. തീരുമാനത്തിലൂടെ സാമുദായിക സന്തുലിതാവസ്ഥ നിലനിറുത്താനായെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.

മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ വി.കെ.മിനിമോൾ ഐ ഗ്രൂപ്പ് പ്രതിനിധിയാണ്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ ഷൈനി എ ഗ്രൂപ്പുകാരും. കോൺഗ്രസ് കൗൺസിലർമാരിൽ അധികവും എ ഗ്രൂപ്പിനൊപ്പമുള്ളവരാണ്. ഈ സാഹചര്യത്തിൽ സഭയ്ക്ക് താത്പര്യക്കുറവുള്ള ദീപ്തിയെ മേയറാക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ് ഐ ഗ്രൂപ്പ് മിനിമോളെ പിന്തുണയ്ക്കുകയായിരുന്നു.

മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവിയും ഭരണപരിചയവും ഉയർത്തിക്കാട്ടി മിനിമോളെ മേയറാക്കുക വഴി ഗ്രൂപ്പ് മേധാവിത്വം ഉറപ്പാക്കാനും ഐ ഗ്രൂപ്പിന് സാധിച്ചു. ലത്തീൻസഭയുടെ ആവശ്യം കൂടി കണക്കിലെടുത്താണ് എ, ഐ ഗ്രൂപ്പുകൾ സമവായത്തിലെത്തിയത്. ലത്തീൻ ക്രൈസ്തവ വിഭാഗക്കാരിയല്ലെന്നതും ദീപ്തിക്ക് വിനയായി.