ദുരിതങ്ങളോട് ഗുസ്തിപിടിച്ച് വിഷ്ണുപ്രിയ
കലഞ്ഞൂർ : കിടപ്പാടം പോലുമില്ലാത്ത സാഹചര്യത്തിലും പ്രതിസന്ധികൾ മാത്രം കൈമുതലാക്കി പഞ്ചഗുസ്തിയിൽ പുത്തൻ താരോദയമാകുകയാണ് കലഞ്ഞൂരിന്റെ അഭിമാനമായ വിഷ്ണുപ്രിയ. 26 മുതൽ നേപ്പാളിൽ നടക്കുന്ന അന്തരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ വിഷ്ണുപ്രിയ രാജ്യത്തിന്റെ ജേഴ്സി അണിയും. കൊടുമൺ പ്ലാന്റേഷനിലെ ജോലിക്കാരിയായ അമ്മ രജനിയോടൊപ്പം ലയത്തിലാണ് താമസം. അച്ഛൻ കെ.പ്രദീപ് ഹോട്ടൽ ജോലിക്കാരനാണ്. ഇവർക്ക് മുൻപുണ്ടായിരുന്ന വീട് രജനിയുടെ ചികിത്സയ്ക്കായി എടുത്ത വായ്പ കുടിശികയായതിനെ തുടർന്ന് ബാങ്ക് ജപ്തി ഒഴിവാക്കാനായി വിൽക്കേണ്ടി വന്നു. ശരീരവണ്ണം കൂടുതലായതിനാൽ വിഷ്ണുപ്രിയ സ്‌കൂൾ കായികമത്സരങ്ങളിൽ നിന്ന് മാറ്റിനിറുത്തപ്പെട്ടിരുന്നു. സ്‌കൂൾ കാലത്ത് ഖോ ഖോ മത്സരത്തിന്റെ സെലക്ഷനിൽ വണ്ണം കൂടുതലായതിനാൽ ഒഴിവാക്കപ്പെട്ടതാണ് തന്റെ ജീവിതത്തിലെ വളർച്ചയ്ക്ക് ഇന്ധനമായതെന്ന് വിഷ്ണുപ്രിയ പറയുന്നു. ബിരുദ പഠനത്തിനായി കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ എത്തിയത് വിഷ്ണുപ്രിയയെ പഞ്ചഗുസ്തി താരമാക്കി. സംസ്ഥാന തലത്തിൽ മൂന്നാംസ്ഥാനം നേടിയത് വഴത്തിരിവായി. കോളേജ് കായിക വിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെ ഈ വർഷം സംസ്ഥാനതല പഞ്ചഗുസ്തി മത്സരത്തിലും ദേശീയ തലത്തിലും സുവർണ്ണ നേട്ടത്തിനർഹയായി. കലഞ്ഞൂർ ഫിറ്റ് ഷോപ്പ് ജിമ്മിലാണ് പരിശീലനം. കുടുംബവും സുഹൃത്തുക്കളുമാണ് സഹായങ്ങൾ ഒരുക്കുന്നത്.
വിഷ്ണുപ്രിയയ്ക്ക് ആവശ്യമായ സഹായം ഒരുക്കാൻ ശ്രമമുണ്ടാകും.
പറക്കോട് ബ്ലോക്ക്പഞ്ചായത്തിന്റെ അടുത്തയോഗത്തിൽ വിഷയം ശ്രദ്ധയിൽപ്പെടുത്തും.
പി.എസ്.അരുൺ,
ബ്ലോക്ക് പഞ്ചായത്ത് അംഗം