രണ്ടാം മത്സരത്തില്‍ അനായാസ ജയം; ശ്രീലങ്കയെ ഏഴ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ, ഇനി കളി തിരുവനന്തപുരത്ത്
വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. ശ്രീലങ്കന്‍ വനിതകള്‍ ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം 11.5 ഓവറില്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അതിവേഗ അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന യുവ ഓപ്പണര്‍ ഷഫാലി വര്‍മ്മയാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. തുടര്‍ച്ചയായി രണ്ടാം ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. പരമ്പരയിലെ ബാക്കിയുള്ള മൂന്ന് മത്സരങ്ങളും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുക.
129 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി 34 പന്തുകളില്‍ നിന്ന് 11 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 69 റണ്‍സെടുത്ത ഷഫാലിയാണ് ടോപ് സ്‌കോറര്‍. സ്മൃതി മന്ദാന 14(11), ജെമീമ റോഡ്രിഗ്‌സ് 26(15), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 10(12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 1*(1) ഷഫാലിക്കൊപ്പം പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി മല്‍കി മദാര, കാവ്യ കാവിന്ധി, കവിഷ ദില്‍ഹരി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് നേടിയത്. 32 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്ത ഹര്‍ഷിത സമരവിക്രമയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു 31(24), ഹാസിനി പെരേര 22(28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യക്ക് വേണ്ടി ശ്രീ ചരണി, വൈഷ്ണവി ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ക്രാന്തി ഗൗഡ്, സ്‌നേഹ് റാണ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.