വിലക്കയറ്റത്തിൽ പൊന്നിനെയും വെട്ടിച്ച് വെള്ളി
കൊച്ചി: വിലയിൽ ചരിത്രം കുറിച്ച് സ്വർണവും വെള്ളിയും. ആഗോള വിപണിയിൽ സ്വർണത്തിന് ഔൺസിന് 4487 ഡോളർ ആയപ്പോൾ വെള്ളിക്ക് 69 ഡോളർ കടന്നു. രണ്ടും റെക്കാർഡ് വിലയാണ്. യു.എസ് ഫെഡറൽ പലിശനിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹമാണ് സ്വർണത്തിനും വെള്ളിക്കും വില വർദ്ധിപ്പിച്ചത്. അതേസമയം, വില വർദ്ധനവിന്റെ കാര്യത്തിൽ സ്വർണത്തെ കടത്തി വെട്ടിയിരിക്കുകയാണ് വെള്ളി. ഒരു വർഷത്തിനിടെ സ്വർണത്തിന് 67 ശതമാനമാണ് വില കൂടിയതെങ്കിൽ വെള്ളിക്കത് 138 ശതമാനമാണ്.
നിക്ഷേപകരെ ആകർഷിക്കുന്നു
സ്വർണത്തിന്റെ കൂടിയ നിരക്ക് നിക്ഷേപകരെ വെള്ളിയിലേക്ക് അടുപ്പിക്കുന്നതും വെള്ളിയുടെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നുണ്ട്. നിക്ഷേപം എന്നതിന് പുറമെ വ്യവസായ മേഖലയിൽ വെള്ളിക്കുള്ള പ്രാധാന്യമാണ് വില വർദ്ധനവിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം. നല്ല രീതിയിൽ വൈദ്യുതി കടത്തിവിടാനുള്ള കഴിവ് ഇലക്ട്രിക് വാഹനങ്ങളുടെയും സോളാർ പാനലുകളുടെയും നിർമ്മാണത്തിൽ വെള്ളിയെ പ്രധാനപ്പെട്ടതാക്കുന്നു. അതുകൊണ്ട് തന്നെ വരുംകാലത്തിൽ വെള്ളിയുടെ വ്യാവസായികാവശ്യം വർദ്ധിക്കാനാണ് സാദ്ധ്യത. അതേസമയം, ഉത്പാദനം കുറയുന്നതും വെള്ളിയുടെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നുണ്ട്.
14 കാരറ്റ് സ്വർണാഭരണങ്ങൾക്ക് പ്രിയമേറുന്നു
ആഗോളവിപണിയിലും ആഭ്യന്തര വിപണിയിലും സ്വർണത്തിന്റെ വില കത്തിക്കയറുമ്പോൾ 18,14 കാരറ്റ് സ്വർണാഭരണങ്ങൾക്ക്. സാധാരണക്കാർക്കിടയിൽ പ്രിയമേറുകയാണ്. ഇതിൽ 14 കാരറ്റ് ആഭരണങ്ങളാണ് സമ്മാനമായി നൽകാനും മറ്റും ആളുകൾ ആഭരണശാലകൾ തേടിച്ചെല്ലുന്നത്.