ചെങ്ങറ സമരഭൂമിയിൽ കാട്ടാന ശല്യം

Wednesday 24 December 2025 12:38 AM IST

കോന്നി : ചെങ്ങറ സമരഭൂമിയിൽ രാത്രിയിൽ പതിവായി കാട്ടാനകൾ എത്തുന്നത് അടച്ചുറപ്പ് ഇല്ലാത്ത വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭീഷണിയായി. കാട്ടാനക്കൂട്ടങ്ങൾ ഇവിടുത്തെ കാർഷിക വിഭവങ്ങൾ നശിപ്പിക്കുകയാണ്. കഴിഞ്ഞദിവസം സമരഭൂമിക്ക് സമീപം കല്ലാറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. സമരഭൂമിയിലെ 48 നമ്പർ ബ്ലോക്കിന് സമീപത്തെ കുളിക്കടവിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അവശനിലയിലായ കാട്ടാന ഒരാഴ്ചയോളം പ്രദേശത്ത് ഉണ്ടായിരുന്നതായി ഇവിടുത്തെ താമസക്കാർ പറഞ്ഞു. പകൽ സമയത്തും സമരഭൂമിക്ക് സമീപത്തെ കല്ലാറ്റിൽ കാട്ടാനക്കൂട്ടങ്ങൾ എത്തുന്നുണ്ട്.

ഒരാഴ്ച മുമ്പ് പ്രദേശത്തെ രണ്ടു ഷെഡ്ഡുകൾ രാത്രിയിൽ കാട്ടാനകൾ നശിപ്പിച്ചിരുന്നു. സമീപത്തെ ആതുമ്പുംകുളം ജംഗ്ഷനിൽ വരെ കാട്ടാനകൾ എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. സമരഭൂമിയുടെ ഒരു വശത്തുകൂടിയാണ് കല്ലാർ ഒഴുകുന്നത്. കല്ലാറിന്റെ ഒരുകര റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചിൽപെട്ട വനപ്രദേശവും മറുകര കോന്നി വനം ഡിവിഷനിലെ കോന്നി റെയിഞ്ചിലെ വനപ്രദേശവുമാണ്. സമീപത്ത് തന്നെയാണ് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ റബർ തോട്ടവും കൈതച്ചക്ക തോട്ടവും. കല്ലാർ കടന്ന് കൈതച്ചക്ക തി​ന്നാനായി​ എസ്റ്റേറ്റിലേക്ക് പ്രവേശിക്കുന്ന കാട്ടാനകൾ സമീപത്തെ സമരഭൂമിയിലെത്തി കാർഷിക വിളകളും നശിപ്പിക്കുന്നു.

കാട്ടാനശല്യം വർദ്ധിക്കുമ്പോൾ സമരഭൂമി​യി​ലെ താമസക്കാർ ഉത്തര കുമരം പേരൂർ (ഞള്ളൂർ) ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും തുടർന്ന് വനപാലകർ എത്തി വീടുകൾക്ക് കാവൽ നിൽക്കുന്നതും പതിവാണ്.

പ്രദേശത്ത് കാട്ടാന ശല്യം വർദ്ധിക്കുകയാണ്. കൊച്ചുകുട്ടികളും സ്ത്രീകളും അടക്കം രാത്രിയിൽ ഭയപ്പാടോടെയാണ് കഴിയുന്നത്.

സരുൺ (സമരഭൂമിയിലെ താമസക്കാരൻ)