അടിയന്തര ഹർജികൾ നൽകി വിട്ടു നിന്നു; അഭിഭാഷകന് 40,000 രൂപ പിഴ

Wednesday 24 December 2025 12:00 AM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതടക്കം നാല് ഹർജികൾ അവധിക്കാല ബെഞ്ചിൽ പ്രത്യേക താത്പര്യമെടുത്ത് ലിസ്റ്റ് ചെയ്യിപ്പിച്ച ശേഷം കേസ് പരിഗണിച്ചപ്പോൾ വിട്ടുനിന്ന അഭിഭാഷകന് 40,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. അഡ്വ.വി.ആർ. മനോരഞ്ജനാണ് നാല് കേസുകളിലായി 10,000 രൂപ വീതം പിഴയടയ്ക്കേണ്ടത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. പിഴത്തുക കേരള ലീഗൽ സർവീസസ് സൊസൈറ്റിയിൽ അടയ്‌ക്കാനും നിർദ്ദേശിച്ചു.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി ആരോപണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി, പാലിയേക്കര ടോൾ, തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട മറ്റൊരു കേസ് എന്നിവയാണ് ഉപഹർജികളിലൂടെ ലിസ്റ്റ് ചെയ്യിപ്പിച്ച മറ്റ് വിഷയങ്ങൾ.

എം.ആർ. അജയൻ എന്ന ഹർജിക്കാരനാണ് ഈ കേസുകളിലെല്ലാം അപേക്ഷയും ഉപഹർജികളും നൽകി അവധിക്കാല ബെഞ്ചിൽ ലിസ്റ്റ് ചെയ്യിപ്പിച്ചത്.

അജയൻ ആവശ്യപ്പെട്ടതു പ്രകാരം മാസപ്പടി കേസ് നേരത്തെ ജനുവരിയിലേക്ക് മാറ്റിയതാണെന്നും അപേക്ഷ നൽകി അവധിക്കാല ബെഞ്ചിൽ കൊണ്ടുവന്നത് എന്തിനാണെന്നറിയില്ലെന്നും കേന്ദ്ര സർക്കാർ അഭിഭാഷകനടക്കം അറിയിച്ചു. പിഴ ഈടാക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ട് കോടതി ഹർജി മാറ്റി.

പിന്നാലെയാണ് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചത്. ഉപഹർജി നൽകിയാണ് ഈ കേസും അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക് കൊണ്ടുവന്നത്. ഇതിലും ഹർജിക്കാരനും അഭിഭാഷകനും ഒരേ ആളാണെന്ന് മനസിലായതോടെ പിഴ ചുമത്തുകയായിരുന്നു. അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നുമില്ല.

ആരാണ് ഇതിനൊക്കെ പിന്നിലെന്ന് അറിയാമെന്നും കോടതി വാക്കാൽ പറഞ്ഞു. നേരത്തെ കേസുകളെല്ലാം മറ്റൊരു ബെഞ്ചിലാണ് ലിസ്റ്റ് ചെയ്തിരുന്നത്. ആ ബെഞ്ച് അവധിയായതിനാലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് ഉച്ചകഴിഞ്ഞ് ഈ കേസുകൾ പരിഗണിച്ചത്.