മിനിമോൾ കൊച്ചി മേയർ, രണ്ടാം ടേമിൽ ഷൈനി മാത്യു,ടേം പങ്കിട്ട് എ, ഐ ഗ്രൂപ്പുകൾ, ദീപ്തി മേരി വർഗീസിനെ തഴഞ്ഞു
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ടേം വ്യവസ്ഥയിൽ എ, ഐ ഗ്രൂപ്പുകൾ പങ്കിടാൻ കോൺഗ്രസിൽ ധാരണ. ആദ്യ രണ്ടര വർഷം ഐ ഗ്രൂപ്പിന്റെ വി.കെ. മിനിമോൾ മേയറാകും. ഇക്കാലയളവിൽ എ ഗ്രൂപ്പിന്റെ ദീപക് ജോയി ഡെപ്യൂട്ടി മേയർ. തുടർന്ന് എ ഗ്രൂപ്പിലെ ഷൈനി മാത്യു മേയറും ഐ ഗ്രൂപ്പിലെ കെ.വി.പി. കൃഷ്ണകുമാർ ഡെപ്യൂട്ടി മേയറുമാകും. മാരത്തൺ ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് തീരുമാനം.
മേയർ സ്ഥാനം പ്രതീക്ഷിച്ചിരുന്ന ഐ ഗ്രൂപ്പിലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തഴഞ്ഞു. മേയർ സ്ഥാനത്തിന് ലത്തീൻസഭ പിടിമുറുക്കിയതാണ് ദീപ്തിക്ക് തിരിച്ചടിയായത്. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് മിനിമോൾ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ് ഷൈനി മാത്യു. കോൺഗ്രസ് കൗൺസിലർമാരിൽ അധികവും എ ഗ്രൂപ്പിനൊപ്പമുള്ളവരാണ്. ഈ സാഹചര്യത്തിൽ സഭയ്ക്ക് താത്പര്യക്കുറവുള്ള ദീപ്തിയെ മേയറാക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞാണ് ഐ ഗ്രൂപ്പ് മിനിമോളിലേക്ക് എത്തിയതെന്നാണ് വിവരം.
പാർലമെന്ററി പാർട്ടി യോഗത്തിൽ ഷൈനിക്കായിരുന്നു കൂടുതൽ പിന്തുണ. മിനിമോളെ 17 പേർ പിന്തുണച്ചപ്പോൾ ഷൈനിയെ പിന്തുണച്ചത് 19 പേർ. ദീപ്തിക്ക് ലഭിച്ചത് നാലുപേരുടെ പിന്തുണ.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും പാർലമെന്ററി പാർട്ടിയിൽ ദീപ്തിക്ക് തിരിച്ചടിയായി. അതേസമയം, ദീപ്തിയെ നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കുമെന്നും മെട്രോപൊളിറ്റൻ കമ്മിറ്റി അദ്ധ്യക്ഷയാക്കുമെന്നും സൂചനയുണ്ട്.
പരാതി നൽകി ദീപ്തി
പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് പറഞ്ഞ ദീപ്തി, തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്ന് ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയതായി വിവരമുണ്ട്. മേയറെ നിശ്ചയിച്ചത് കെ.പി.സി.സി മാനദണ്ഡങ്ങൾ മറികടന്നാണ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ഇതിനായി പ്രവർത്തിച്ചു, രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല തുടങ്ങിയ കാര്യങ്ങളാണ് ദീപ്തി അനുകൂലികൾ ഉയർത്തുന്നത്.